തിരുവനന്തപുരം : ഓണം പടിവാതില്ക്കല് എത്തിയിട്ടും എങ്ങുമെത്താതെ ഓണക്കിറ്റ് വിതരണം. കിറ്റില്‍ ഉള്‍പ്പെടുത്തേണ്ട സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താന്‍ കഴിയാത്തതിനെത്തുടര്ന്നാണു വിതരണം പ്രതിസന്ധിയിലായത്.
സംസ്ഥാനത്തെ എഎവൈ കാര്‍ഡുടമകള്‍, ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ 6,07,691 പേര്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്യുമെന്നാണു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ 5,87,691 പേര് എഎവൈ കാര്‍ഡുടമകളും ബാക്കിയുള്ളവര്‍ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരുമാണ്. ഒടുവില്‍ ലഭിച്ച കണക്കുകള്‍ പ്രകാരം ആകെ കിറ്റുകളുടെ പത്തിലൊന്നു മാത്രമാണു വിതരണം ചെയ്യാനായത്.
അതേസമയം, കിറ്റ് വിതരണത്തിലെ പ്രതിസന്ധി മറികടക്കാന്‍ സപ്ലൈകോ തിരക്കിട്ട നീക്കങ്ങള്‍ ആരംഭിച്ചു. മൂന്നാം ദിവസവും പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണു പ്രശ്നപരിഹാരത്തിനായി സപ്ലൈകോ നീക്കങ്ങള്‍ ആരംഭിച്ചത്.