കോട്ടയം : ഉപ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണം ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉപാധികളോടെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അനുമതി നൽകിയത്. കിറ്റ് വിതരണത്തിനു തടസമില്ലെന്നു തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. കിറ്റ് വിതരണത്തിൽ ജനപ്രതിനിധികൾ പങ്കെടുക്കരുത്. രാഷ്ട്രീയ മുതലെടുപ്പും പാടില്ല. രാഷ്ട്രീയ പാർട്ടികൾ പേരും ചിഹ്നവും കിറ്റിൽ ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്.
ഓണക്കിറ്റ് വാങ്ങാൻ കഴിയത്തവർക്ക് ഓണത്തിനു ശേഷം കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി ജിആർ അനിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. വൈകിയതിന്റെ പേരിൽ കിറ്റ് ആർക്കും നിഷേധിക്കില്ല. കോട്ടയം ജില്ലയിൽ ഉപതെരഞ്ഞെടുപ്പിന് ശേഷം കിറ്റുകൾ വിതരണം ചെയ്യുമെന്നും ജനപ്രതിനിധികൾക്ക് ഓണക്കിറ്റ് ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഇന്ന് ഉച്ചയോടെ മൂന്നരലക്ഷത്തിലധികം പേർക്ക് കിറ്റുകൾ വിതരണം ചെയ്തു. രാത്രി എട്ട് മണിയോടെ ഏതാണ്ട് മുഴുവൻ പേർക്കും വിതരണം ചെയ്യാനാവുമെന്നാണ് ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പിന്റെ കണക്കുകൂട്ടൽ. നേരത്തെ ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.സംസ്ഥാനത്തെ എഎവൈ വിഭാഗത്തിൽപ്പെട്ട കാർഡ് ഉടമകൾക്കാണ് ഇത്തവണ ഓണക്കിറ്റ് ലഭിക്കുക. ക്ഷേമ സ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂർത്തിയായതായി സർക്കാർ അറിയിച്ചു.