OOMAN CHANDIS BODY AT TRIVANDRUM SCREEN SHOT
തിരുവനന്തപുരം : ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ എത്തിച്ചു. അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്. ഒഴുകിയെത്തുന്ന പ്രവർത്തകരെ നിയന്ത്രിക്കാൻ പണിപ്പെടുകയാണ് പൊലീസും നേതാക്കളും.
ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ചാക്കയിലും പേട്ടയിലും എത്തിയപ്പോൾ ആംബുലൻസ് നിർത്തുകയും നൂറു കണക്കിനാളുകൾ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തിരുന്നു. ഓരോ സ്ഥലത്തു നിന്നും ആയിരക്കണക്കിന് പേരാണ് വിലാപയാത്രയെ അനുഗമിച്ചത്. ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം പുതുപ്പള്ളിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് സംസ്കരിക്കുന്നത്.
ബംഗളൂരുവിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചത്. നാളെ കോട്ടയത്ത് തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വച്ചതിന് ശേഷം രാത്രിയോടെ പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് പുതുപ്പള്ളി പള്ളിയിൽ സംസ്കാരം നടക്കുക. ഇന്ന് പുലർച്ചെ 4.25ന് ബംഗളൂരുവിൽ വച്ചായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചത്. ക്യാൻസർ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു അദ്ദേഹം.
മുൻമന്ത്രി ടി ജോണിന്റെ ബംഗളൂരുവിലെ വസതിയിൽ ഭൗതികശരീരം പൊതുദർശനത്തിന് വച്ച ശേഷമാണ് തിരുവനന്തപുരത്ത് എത്തിച്ചത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.