ഭുവനേശ്വർ: മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം നാട്ടിൽ മത്സരത്തിനിറങ്ങിയ ഇന്ത്യയുടെ ഒളിമ്പിക്സ് ചാമ്പ്യൻ നീരജ് ചോപ്രയ്ക്ക് സ്വർണം. കലിംഗ സ്റ്റേഡിയത്തിൽ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിന്റെ അവസാനദിനം പുരുഷന്മാരുടെ ജാവലിൻത്രോയിൽ 82.27 മീറ്റർ എറിഞ്ഞാണ് നേട്ടം. ഡി പി മനു 82.06 മീറ്റർ താണ്ടി രണ്ടാമതെത്തി. ഉത്തം ബാലാസാഹിബ് പാട്ടീലിനാണ് വെങ്കലം (78.39). പാരിസ് ഒളിമ്പിക്സിലേക്ക് പൊന്നോടെ പറക്കാനായി നീരജിന്.
ഹരിയാനക്കാരനായ നീരജ് അവസാനമായി 2021 ഫെഡറേഷൻ കപ്പിലാണ് ഇന്ത്യയിൽ മത്സരത്തിന് ഇറങ്ങിയത്. ആ മീറ്റിൽ 87.80 മീറ്റർ എറിഞ്ഞ് ഒന്നാമതെത്തിയിരുന്നു. തുടർന്നായിരുന്നു ടോക്യോ ഒളിമ്പിക്സിലെ സ്വർണം. ഇക്കുറി ദോഹ ഡയമണ്ട് ലീഗിൽ രണ്ടാംസ്ഥാനം (88.36 മീറ്റർ) നേടിയാണ് ഫെഡറേഷൻ കപ്പിനെത്തിയത്. നീരജ്, മനു, കിഷോർകുമാർ ജെന എന്നീ രാജ്യാന്തരതാരങ്ങൾ തമ്മിലുള്ള വാശിയുള്ള പ്രകടനം പ്രതീക്ഷിച്ചെങ്കിലും നിരാശയായി. കിഷോർകുമാർ ജെന അഞ്ചാമതായി.
മികച്ച പ്രകടനം സാധ്യമായില്ലെങ്കിലും നീരജിന്റെ വിജയം അനായാസമായിരുന്നു. കർണാടത്തിന്റെ ഡി പി മനു ആദ്യ ഏറിൽ 82.06 മീറ്റർ മറികടന്നു. നീരജിന്റെ ത്രോ 82 മീറ്ററായിരുന്നു. ഒഡിഷക്കാരൻ കിഷോറിന്റേത് ഫൗളായി. നീരജിന്റെ രണ്ടാമത്തെ ഏറ് ഫൗളായി. മൂന്നാമത്തേതിൽ 81.29 മീറ്റർ. നാലാമത്തെ ഏറിലാണ് മനുവിനെ മറികടന്ന് സ്വർണത്തിലെത്തിയത്. വിജയം ഉറപ്പിച്ചതോടെ അവസാന രണ്ട് ത്രോയും ഒഴിവാക്കി. മനുവിന് ആദ്യ ഏറിലെ ഊർജം പിന്നീട് ഉണ്ടായില്ല. തുടർന്ന് 77.23, 81.43, 81.47 മീറ്റർ എന്നിങ്ങനെയായിരുന്നു. അവസാന രണ്ടും ഫൗളായി. കിഷോറിന്റെ ആറിൽ മൂന്ന് ത്രോകൾ ഫൗളായി. 75.49 മീറ്ററുമായി അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പഞ്ചാബിന്റെ ഗുരീന്ദർ സിങ്ങും (10.35 സെക്കൻഡ്) കർണാടകത്തിന്റെ എസ് എസ് സ്നേഹയും (11.63) മീറ്റിലെ വേഗമേറിയ താരങ്ങളായി. പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ ഗുരീന്ദറിന് പിന്നിൽ ഒഡിഷയുടെ അനിമേഷ് കുജൂർ രണ്ടാമതായി. പഞ്ചാബിന്റെ ഹർജിത് സിങ്ങിനാണ് സ്വർണം. വനിതകളിൽ സ്നേഹയ്ക്ക് പിന്നിൽ തമിഴ്നാടിന്റെ ഗിരിധരണി രവികുമാർ രണ്ടാംസ്ഥാനം നേടി. സ്വർണം പ്രതീക്ഷിച്ച ഒഡിഷക്കാരി ശ്രബാനി നന്ദ വെങ്കലംകൊണ്ട് തൃപ്തിപ്പെട്ടു.
വനിതകളുടെ 400 മീറ്ററിൽ കർണാടകത്തിന്റെ എം ആർ പൂവമ്മ (53.32) സ്വർണം നേടി. ഹരിയാനയുടെ സമ്മി വെള്ളിയും തമിഴ്നാടിന്റെ വിത്യ രാജരാജൻ വെങ്കലവും സ്വന്തമാക്കി. കേരളത്തിന്റെ വി കെ വിസ്മയ അഞ്ചാം സ്ഥാനത്താണ്. ജിസ്ന മാത്യു ഫൈനലിൽ ഫൗൾസ്റ്റാർട്ടായി. നാലുദിവസത്തെ മീറ്റിൽ ആർക്കും പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടാനായില്ല.
ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിന്റെ അവസാനദിനം കേരളത്തിന് ഒരു സ്വർണവും മൂന്ന് വെള്ളിയും ലഭിച്ചു. ഇതോടെ മൂന്ന് സ്വർണവും അഞ്ചുവീതം വെള്ളിയും വെങ്കലവുമായി അവസാനിപ്പിച്ചു. പുരുഷന്മാരുടെ 400 മീറ്റർ ഓട്ടത്തിൽ 45.91 സെക്കൻഡിൽ വി മുഹമ്മദ് അജ്മൽ സ്വർണം സ്വന്തമാക്കി. ഒളിമ്പിക്സിന് യോഗ്യത നേടിയ പുരുഷ റിലേ ടീം അംഗമാണ് പാലക്കാട് ചെർപുളശ്ശേരിക്കാരൻ. തമിഴ്നാടിന്റെ ടി സന്തോഷ്കുമാർ വെള്ളിയും ഹരിയാനയുടെ വിക്രാന്ത് പഞ്ചൽ വെങ്കലവും നേടി. മലയാളിയായ മിജോ ചാക്കോ കുര്യൻ നാലാമതായി. റിൻസ് ജോസഫിന് ആറാംസ്ഥാനമാണ്. അമോജ് ജേക്കബ് ഫൈനൽ ഓടിയില്ല.
ട്രിപ്പിൾജമ്പിൽ എൽദോസ് പോൾ 16.59 മീറ്റർ ചാടി വെള്ളി കരസ്ഥമാക്കി. തമിഴ്നാടിന്റെ പ്രവീൺ ചിത്രവേലിനാണ് സ്വർണം (16.79). തമിഴ്നാടിന്റെ മുഹമ്മദ് സലാഹുദീൻ മൂന്നാംസ്ഥാനം നേടി (16.75). കേരളത്തിന്റെ അബ്ദുള്ള അബൂബക്കർ (16.23) നാലും യു കാർത്തിക് (16.05) അഞ്ചും സ്ഥാനത്തെത്തി. വനിതകളുടെ ഹെപ്റ്റാത്ലണിൽ കെ എ അനാമികയ്ക്ക് വെള്ളിയുണ്ട്. നേടിയത് 4997 പോയിന്റ്. തെലങ്കാനയുടെ അഗസര നന്ദിനി സ്വർണം നേടി (5460). ഹൈജമ്പിൽ എയ്ഞ്ചൽ പി ദേവസ്യ 1.74 മീറ്റർ ചാടി വെള്ളി കരസ്ഥമാക്കി. കർണാടകത്തിന്റെ അഭിനയ എസ് ഷെട്ടിക്കാണ് (1.77) സ്വർണം.