മലപ്പുറം : പെരിന്തൽമണ്ണയിൽ ടാങ്കർ ട്രക്ക് മറിഞ്ഞ് ഡീസൽ ചോർന്നതിനെത്തുടർന്ന് സമീപ പ്രദേശങ്ങളിലെ വീടുകളിലെ കിണറ്റിനുള്ളിൽ സ്ഫോടനം. സംഭവത്തിൽ ആർക്കും പരിക്കില്ല.
കിണറ്റിന് മുകളിലെ തീ അണയ്ക്കാൻ സാധിച്ചെങ്കിലും താഴ്വശത്ത് തീ അണഞ്ഞിട്ടില്ല. അഗ്നിരക്ഷാ സേന പ്രദേശത്ത് തുടരുകയാണ്. അങ്ങാടിപ്പുറം – ചീരട്ടാമല റോഡിൽ പരിയാപുരം മേഖലയിൽ ഞായറാഴ്ച നടന്ന ടാങ്കർ അപകടത്തെത്തുടർന്നാണ് തീപിടിത്തം ഉണ്ടായത്. പരിയാപുരം കൊല്ലറേശുമറ്റത്തിൽ ബിജുവിന്റെ വീട്ടിലെ കിണറ്റിലും സമീപത്തുള്ള സേക്രഡ് ഹാർട്ട് കോൺവന്റിലെ കിണറ്റിലുമാണ് ഇന്ന് വൈകിട്ടോടെ തീപിടിത്തം ഉണ്ടായത്.
മോട്ടർ പ്രവർത്തിപ്പിക്കാൻ സ്വിച്ച് ഓൺ ചെയ്തപ്പോഴാണ് കിണറ്റിനുള്ളിൽ തീ പടർന്നത്. അപകടത്തെത്തുടർന്ന് 20,000 ലിറ്റർ ഡീസലാണ് ടാങ്കറിൽ നിന്ന് സമീപ പ്രദേശങ്ങളിലേക്ക് ഒഴുകിപ്പോയത്. ചീരട്ടാമലയിലെ വ്യൂപോയിന്റിന് സമീപത്ത് നിന്ന് 25 അടിയോളം താഴ്ചയിലേക്ക് ട്രക്ക് മറിഞ്ഞതിനാൽ പ്രദേശത്താകെ ഡീസൽ വ്യാപിച്ചിരുന്നു.