ന്യൂഡല്‍ഹി: നിർദിഷ്ട ഉപഗ്രഹധിഷ്ഠിത ടോൾ സംവിധാനത്തിൽ വരുന്ന വാഹനങ്ങൾക്ക് ദിവസവും 20 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് ടോൾ ഇനി മുതല്‍ ബാധകമാവില്ല. ജിഎൻഎസ്എസ് (ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം) സംവിധാനം നടപ്പാക്കുന്നതിനായി കേന്ദ്ര ഗതാഗതമന്ത്രാലയം വിജ്ഞാപനം ഇറക്കി. 2008-ലെ ദേശീയ പാത ഫീ ചട്ടത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.
ടോൾ ബാധകമായ പാതകളിലെ നാഷണൽ പെർമിറ്റ് ഒഴികെയുള്ള വാഹനങ്ങൾക്ക് ഒരു ദിവസം ഇരു ദിശകളിലേക്കും സഞ്ചരിക്കുന്ന ആദ്യ 20 കിലോമീറ്റർ ദൂരത്തിനാണ് ടോൾ ബാധകമല്ലാത്തത്. ഇത് ദിവസവും ടോൾ പാതയിലൂടെ ഹ്രസ്വദൂര സഞ്ചരിക്കുന്നവർക്ക് ഗുണകരമായിരിക്കും. എന്നാൽ 20 കിലോമീറ്ററിൽ കൂടിയാൽ സഞ്ചരിച്ച മുഴുവൻ ദൂരത്തിനും ടോൾ ബാധകമായിരിക്കും.ഉപഗ്രഹാധിഷ്ഠിത ടോൾ യാത്രകൾക്കായി നിലവിലെ ടോൾ പ്ലാസകളിൽ പ്രത്യേക ലെയ്നുണ്ടാകും. മറ്റ് ലെയ്നുകളിൽ നിന്ന് വ്യത്യസ്തമായി വാഹനങ്ങൾ തടയുന്നതിന് ബാരിക്കേഡുകൾ ഉണ്ടാകില്ല. ജിപിഎസ് ട്രാക്കിങ് സംവിധാനമില്ലാതെ വാഹനങ്ങൾ ലെയ്നിൽ പ്രവേശിച്ചാൽ ടോളിന്റെ ഇരട്ടിത്തുക പിഴയായി ഈടാക്കും.
ജിഎന്‍എസ്എസ് എങ്ങനെ പ്രവര്‍ത്തിക്കും
നിലവില്‍ വാഹനത്തില്‍ പതിപ്പിച്ചിരിക്കുന്ന ഫാസ്ടാഗ് ആർഎഫ്ഐഡി ടോള്‍ ബൂത്തില്‍ സ്കാന്‍ ചെയ്താണ് ടോള്‍ പിരിവ്. എന്നാല്‍ ജിഎന്‍എസ്എസ് ഉപഗ്രഹ ശൃംഖലയുമായി ബന്ധിപ്പിച്ചാണ് ടോള്‍ പിരിക്കുക. അതായത് വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ടോള്‍ ഈടാക്കാനാകും.കാറിൽ ഘടിപ്പിക്കുന്ന സാറ്റലൈറ്റ് ട്രാക്കിങ് ഉപകരണം ഒബിയു (ഓൺ ബോർഡ് യൂണിറ്റ്) ഉപയോഗിച്ചാകും പിരിവ്. ഇത് സർക്കാർ പോർട്ടലുകൾ വഴി ലഭ്യമാകും. വാഹനം നിശ്ചിത ദൂരം കടക്കുന്നത് ഉപഗ്രഹ മാപ്പിൽ കാണക്കാക്കും. ഫാസ്ടാഗുകൾക്ക് സമാനമായാണ് ഒബിയു വിതരണം.
ഇത് റീച്ചാർജ് ചെയ്യാവുന്നതാണ്. ആദ്യ ഘട്ടത്തിൽ വാണിജ്യവാഹനങ്ങളിലായിരിക്കും ജിഎൻഎസ്എസ് ഉപയോഗിക്കുക. പ്രധാന പാതയ്ക്ക് മാത്രമായിരിക്കും ടോൾ. ടോൾ ബാധകമായ സഞ്ചാരപാത മാപ്പിൽ അടയാളപ്പെടുത്തിയത് എസ്എംഎസ് ആയി അയച്ചു നൽകും. ഓടുന്ന ദൂരത്തിൻ്റെ അടിസ്ഥാനത്തിൽ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിൽ നിന്ന് ടോൾ ചാർജുകൾ കുറയ്ക്കും.