കൽപ്പറ്റ : വയനാട്ടില്‍ ആദിവാസി മേഖല കേന്ദ്രീകരിച്ച് സര്‍ക്കാര്‍ അനുമതിയില്ലാതെ മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ് പരീക്ഷണ നീക്കത്തില്‍ അന്വേഷണവുമായി പട്ടികവര്‍ഗ്ഗ വകുപ്പ്. ആരോഗ്യ പരീക്ഷണത്തിനെത്തിയ അമേരിക്ക ആസ്ഥാനമായ ബയോമെഡിക്കല്‍ ഏജന്‍സിയെ കുറിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി ഒ ആര് കേളു പറഞ്ഞു. പട്ടികവര്‍ഗ്ഗ വകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണ് തവിഞ്ഞാല്‍ പഞ്ചായത്തിലെ ഉന്നതിയില്‍ സംഘം എത്തിയത്. അനുമതിയില്ലാതെ നടക്കുന്ന ആരോഗ്യപരീക്ഷണത്തെക്കുറിച്ച് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് പട്ടികവര്‍ഗ്ഗ വകുപ്പിന്റെ നടപടി.
അനുമതിയില്ലാതെ ആരോഗ്യപരീക്ഷണം ആദിവാസി മേഖലയില്‍ നടത്തരുതെന്ന് ടിഡിഒ പറഞ്ഞിരുന്നുവെന്ന് മന്ത്രി ഒ ആര് കേളു പറഞ്ഞു. ഈ വിലക്കിനെ മറികടന്നാണ് പരീക്ഷണം നടന്നത്. ഏത് പഠനമാണ് നടത്തുന്നത് എന്നതില്‍ പട്ടികവര്‍ഗ വകുപ്പ് അന്വേഷണം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടറും ആരോഗ്യവകുപ്പ് ഡയറക്ടറും സംഭവത്തില്‍ വിശദ അന്വേഷണം നടത്തും. ഡിഎംഒ തലത്തില്‍ ആരോഗ്യവകുപ്പിന്റെ അന്വേഷണം നടക്കുകയാണ്. അതേസമയം വിദ്യാര്‍ത്ഥികള്‍ വളരെ പോസിറ്റീവായാണ് ഈ പ്രൊജക്ട് ചെയ്തതെന്ന് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളജ് പ്രതികരിച്ചു. ഡാറ്റ ശേഖരിക്കാന്‍ ശ്രമം നടത്തിയിട്ടില്ലെന്നും ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ സ്മാര്‍ട്ട് റിംഗുകള്‍ വിതരണം ചെയ്തിട്ടില്ലെന്നും കോളജ് വിശദീകരിച്ചു.
അമേരിക്ക ആസ്ഥാനമായ ബയോമെഡിക്കല്‍ ലാബ് ആണ് ആദിവാസി ഊരുകളില്‍ ‘മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ്’ പരീക്ഷണം നടത്താനായി എത്തിയത്. വയനാട് തലപ്പുഴ ഗവണ്മെന്റ് എന്‍ജിനിയറിങ് കോളജില്‍ നടന്ന ഒരു സെമിനാറാണ് ഇതില്‍ പ്രധാനപ്പെട്ട കാരണം. സ്ത്രീകളുടെ ആര്‍ത്തവ ചക്രവുമായി ബന്ധപ്പെട്ട ഒരു ഇലക്ട്രോണിക് ഡിവൈസിന്റെ ട്രയല്‍ എന്ന തരത്തിലാണ് പരിപാടി നടന്നത്. മാര്‍ച്ച് 20 മുതല്‍ 22 വരെ ഉദ്യമ എന്ന പേരില്‍ സംഘടിപ്പിച്ച സെമിനാറിന് ശേഷമാണ് ഉപകരണം പരീക്ഷിച്ചത്. വിരലില്‍ അണിയാവുന്ന ഇലക്ട്രോണിക്സ് ഉപകരണം വിദ്യാര്‍ഥികള്‍ക്ക് നല്കി. ആര്‍ത്തവ സൈക്കിള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായുള്ള ഉപകരണമെന്നാണ് സൂചന.