തൃശൂർ : തൃശൂർ ജില്ലയിൽ ഇന്ന് മുതൽ നഴ്സുമാരുടെ അനുശ്ചിതകാല പണിമുടക്ക്. യുഎൻഎയ്ക്ക് കീഴിലുള്ള മുഴുവൻ ജീവനക്കാരും അത്യാഹിത വിഭാഗം ജീവനക്കാരും പണിമുടക്കിന്റെ ഭാഗമാകും. കൈപ്പറമ്പ് നൈൽ ആശുപത്രിയിൽ ആറ് ജീവനക്കാരെ പുറത്താക്കിയതുമായി ബന്ധപ്പെട്ടും ലേബർ ഓഫീസിൽ ഗർഭിണിയായ നഴ്സിനെയടക്കം മർദ്ദിച്ച ആശുപത്രി എംഡി ഡോ. വിആർ അലോകിനെ അറസ്റ്റ് ചെയ്യാത്തതിലും പ്രതിഷേധിച്ചാണ് പണിമുടക്ക്.
പ്രശ്നം പരിഹരിക്കാൻ ജില്ലാ കലക്ടർ വിളിച്ച ചർച്ചയെ തുടർന്ന് യുഎൻഎ ഏഴ് ദിവസം മുൻപ് സമ്പൂർണ പണിമുടക്കിൽ നിന്നും പിൻമാറിയിരുന്നു. സൂചനാ പണിമുടക്ക് തുടർന്നു. ഇതിന്റെ ഭാഗമായി ഇന്നലെ കൊച്ചിയിൽ ലേബർ കമ്മീഷണർ യുഎൻഎയുമായും ആശുപത്രി അധികൃതരുമായും ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയും പരാജയപ്പെട്ടതോടെയാണ് നഴ്സുമാർ വീണ്ടും സമ്പൂർണ പണിമുടക്കിലേക്ക് നീങ്ങിയത്. ഇതോടെ ജില്ലയിലെ 39ഓളം വരുന്ന സ്വകാര്യ ആശുപത്രികളിലെ പ്രവർത്തനത്തെ ഇത് ബാധിക്കും. മൂവായിരത്തിലധികം നഴ്സുമാർ പണിമുടക്കും.