ന്യൂഡൽഹി: സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് നീറ്റ് യുജി പരീക്ഷയുടെ വിശദമായ മാർക്ക് ലിസ്റ്റ് എൻടിഎ പ്രസിദ്ധീകരിച്ചു. വിദ്യാർഥികളുടെ റോൾ നമ്പർ മറച്ചുവേണം മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.ഇത് പാലിച്ചാണ് മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.
ഓരോ സെന്ററിലും പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് കിട്ടിയ മാർക്ക് എത്രയെന്ന പട്ടിക എൻടിഎ നൽകുന്നില്ലെന്ന് ആരോപിച്ച് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.മാര്‍ക്ക് ലിസ്റ്റ് ശനിയാഴ്ച ഉച്ചയ്ക്ക് 12 നുള്ളിൽ പ്രസിദ്ധീകരിക്കണമെന്ന് കോടതി നിർദേശം നൽകിയിരുന്നു. വിഷയം തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. തിങ്കളാഴ്ചയോടെ തീർപ്പുകൽപ്പിക്കുമെന്നും ചീഫ് ജസ്റ്റീസ് ഡി. വൈ. ചന്ദ്രചൂഡ് പറഞ്ഞിരുന്നു.
പരീക്ഷയിൽ ക്രമക്കേടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ പുനപരീക്ഷയ്ക്ക് ഉത്തരവിടാനാവൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം ചോദ്യപേപ്പർ ചോർച്ചാ കേസിൽ റാഞ്ചിയിൽ നിന്ന് ഒരു മെഡിക്കൽ വിദ്യാർഥിനി കൂടി അറസ്റ്റിലായി. ഇതുവരെ അറസ്റ്റിലായ മെഡിക്കൽ വിദ്യാർഥികൾ ചോദ്യപേപ്പർ ചോർത്തുന്ന സോൾവർ ഗ്യാങ്ങിൽ ഉൾപ്പെട്ടവരാണെന്ന് സിബിഐ പറഞ്ഞു.