തിരുവനന്തപുരം: നാമജപയാത്രയുമായി ബന്ധപ്പെട്ട് എൻഎസ്എസിനെതിരേ ചുമത്തിയ കേസ് അവസാനിപ്പിക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതികരിച്ച് എൻഎസ്എസ് സംഘടന.കേസല്ല തങ്ങൾക്ക് പ്രധാനമെന്നും മിത്ത് വിവാദത്തിൽ സ്പീക്കർ നിലപാട് തിരുത്തണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടു.
സ്പീക്കർ തിരുത്തുകയോ പ്രസ്താവന പിൻവലിക്കുകയോ വേണം. അല്ലാതെ പിന്നോട്ടില്ലെന്നും എൻഎസ്എസ് പ്രതികരിച്ചു.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കൂടെ പശ്ചാത്തലത്തിലാണ് എൻഎസ്എസിനെ അനുനയിപ്പിക്കുന്നതിനായി സർക്കാർ കേസ് പിൻവലിക്കാൻ ആലോചിക്കുന്നത്.അനുമതിയില്ലാതെയാണ് നാമജപ യാത്ര നടത്തിയതെന്ന റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കെയാണ് കേസുകൾ പിൻവലിക്കാനുള്ള നീക്കം.
എന്നാൽ ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസ് ആയതിനാൽ ഇത് അവസാനിപ്പിക്കുക എളുപ്പമല്ല. റോഡിന്റെ ഒരു ഭാഗം മുഴുവനായും തടസപ്പെടുത്തിക്കൊണ്ടായിരുന്നു നാമജപയാത്ര നടത്തിയത്. മാർഗ തടസം നടത്തി ജാഥകൾ സംഘടിപ്പിക്കരുതെന്ന് കേരളാ ഹൈക്കോടതി വിധിയുണ്ട്.അതിനാൽ തന്നെ ഇത് ലംഘിച്ച് നടത്തിയ നാമജപയാത്രയുടെ കേസ് അവസാനിപ്പിച്ചാൽ നിയമപ്രശ്നങ്ങൾ ഏറെയുണ്ടാകും. കേസ് അവസാനിപ്പിക്കണമെന്ന സമാന ആവശ്യവുമായി വേറെയും സംഘടനകൾ രംഗത്ത് എത്തുന്ന സാഹചര്യവും ഉണ്ടാകാൻ ഇടയുണ്ട്. ഇതിനേതുടർന്നാണ് പൊലീസ് നിയമോപദേശം തേടിയിരിക്കുന്നത്.
സ്പീക്കറുടെ ഗണപതി പരാമർശത്തിനെതിരേ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരം പാളയത്ത് നിന്ന് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലേക്ക് നടത്തിയ നാമജപയാത്രയ്ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കി കണ്ടാലറിയാവുന്ന 1000 പേർക്കെതിരേയും കേസെടുത്തിരുന്നു. നിയമവിരുദ്ധ സംഘംചേരൽ, ഗതാഗതതടസം, അനുവാദമില്ലാതെ മൈക്ക് സെറ്റ് ഉപയോഗിച്ചു, പൊലീസിന്റെ നിർദ്ദേശങ്ങൾ അവഗണിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.