തിരുവനന്തപുരം: ഗണപതി വിവാദത്തില്‍ നടന്ന നാമജപഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ ആണ് ഹര്ജിക്കാരന്. കേസ് നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
നാമജപ ഘോഷയാത്ര ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് അസൗകര്യം സൃഷ്ടിച്ചെന്ന പേരിലാണ്, നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത ആയിരക്കണക്കിന് പേരെ പ്രതിയാക്കി തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. കേസില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും. ജസ്റ്റിസ് രാജാ വിജയരാഘവന്റെ ബെഞ്ചാണ് ഹരജിയിൽ വാദം കേൾക്കുക.
തിരുവനന്തപുരം താലൂക്ക് എന്‍എസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടിനായിരുന്നു നാമജപയാത്ര നടത്തിയത്. നിയമവിരുദ്ധമായി സംഘംചേരല്‍, കലാപമുണ്ടാക്കല്‍, പൊതുവഴി തടസപ്പെടുത്തല്‍, പൊലീസിന്റെ നിര്‍ദ്ദേശം പാലിക്കാതിരിക്കല്‍, തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് നാമജപ ഘോഷയാത്രക്കെതിരെ കേസെടുത്തത്.