തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീർ നടത്തിയ മിത്ത് പരാമർശത്തിൽ തുടർ പ്രതിഷേധ പരിപാടികൾ ആലോചിക്കാൻ എൻഎസ്എസ് ഡയറക്ടർ ബോർഡ് ഇന്ന് യോഗം ചേരും. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ നേതൃത്വത്തിലാണ് യോഗം ചേരുക.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നിലപാടിൽ നിന്ന് പിന്നോട്ട് പോയെങ്കിലും ഷംസീറും പ്രസ്താവന തിരുത്തണമെന്ന ആവശ്യത്തിൽ എൻ.എസ്.എസ് ഉറച്ചു നിൽക്കുകയാണ്. കൂടുതൽ ഹിന്ദു സംഘടനകളെ ഒപ്പം ചേർത്ത് പ്രതിഷേധം ശക്തമാകണമെന്ന് എൻഎസ്എസിൽ ചിലർക്ക് അഭിപ്രായം ഉണ്ട്. നാമ ജപ യാത്രക്കെതിരെ പൊലീസ് കേസ് എടുത്തതും എൻ.എസ്.എസിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം മുന്നിൽ വെച്ചാകും ഇന്ന് തുടർ പരിപാടികളെ കുറിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കുക.