പാരിസ്: പുരുഷ ടെന്നീസിൽ 23-ാം ഗ്രാൻഡ് സ്ലാം കിരീടമെന്ന നേട്ടത്തിൽ ഇനി ഒറ്റപ്പേരുകാരൻ മാത്രം- നൊവാക് ജോക്കോവിച്ച്. ഫ്രഞ്ച് ഓപ്പൺ കിരീടം അനായാസം കൈപ്പിടിയിലാക്കി റാഫേൽ നദാലിനൊപ്പം പങ്കിട്ടിരുന്ന 22 ഗ്രാൻഡ് സ്ലാം നേട്ടങ്ങൾ മറികടന്നതോടെയാണ് പുരുഷ ടെന്നീസിൽ സമാനതകളില്ലാത്ത നേട്ടം ജോക്കോ സ്വന്തമാക്കിയത്. യുവതാരം കാസ്പർ റൂഡിനെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് നദാലിന്റെ തട്ടകമായ റോളങ് ഗാരോസിൽ ജോക്കോ ഇതിഹാസം രചിച്ചത്. സ്കോർ: 7-6(1), 6-3, 7-5.
മൂന്നാംതവണയാണ് ജോക്കോ ഫ്രഞ്ച് ഓപ്പൺ നേടുന്നത് (2016, 2021, 2023). പത്തുതവണ ഓസ്ട്രേലിയൻ ഓപ്പൺ നേടിയ മൂന്നാംറാങ്കുകാരൻ ഏഴുവട്ടം വിംബിൾഡണും കരസ്ഥമാക്കി. യുഎസ് ഓപ്പണിൽ മൂന്ന് കിരീടങ്ങളാണ്. നാലാംറാങ്കുകാരനായ കാസ്പെർ റൂഡ് കഴിഞ്ഞവർഷവും റണ്ണറപ്പായിരുന്നു. റാഫേൽ നദാലിനോടാണ് തോറ്റത്. ജയത്തോടെ ഗ്രാൻഡ് സ്ലാം കിരീടങ്ങളെല്ലാം മൂന്ന് തവണ നേടുന്ന ആദ്യ പുരുഷ താരമായി ജോക്കോ മാറി. ആധികാരികമായ ജയത്തോടെ എടിപി റാങ്കിംഗിലെ ഒന്നാം സ്ഥാനം തിരിച്ചെടുക്കാനുള്ള വഴിയും ജോക്കോ തെളിയിച്ചു.
36-ാം പിറന്നാൾ ആഘോഷിച്ച് 20 ദിവസങ്ങൾക്കുള്ളിൽ തന്റെ 34-ാം ഗ്രാൻഡ് സ്ലാം ഫൈനലിന് ഇറങ്ങിയ ജോക്കോ കളിമൺ കോർട്ടിലെ രാജാവായ നദാലിന്റെ മറ്റൊരു റെക്കോഡ് കൂടി മറികടന്നു. 2022-ൽ 36 വയസും രണ്ട് ദിവസവും പ്രായമുള്ളപ്പോൾ നദാൽ സ്വന്തമാക്കിയ ഏറ്റവും പ്രായമുള്ള ഫ്രഞ്ച് ഓപ്പൺ കിരീട ജേതാവ് എന്ന നേട്ടമാണ് ജോക്കോ തകർത്തത്.