തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റിയെയാണ് സുധാകരന് അഭിപ്രായം അറിയിച്ചത്. പകരം കണ്ണൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്തിന്റെ പേര് സുധാകരന് നിര്‍ദേശിച്ചു.
കെപിസിസി പ്രസിഡന്റ് പദവി വഹിക്കുന്നതിനാല്‍ സംസ്ഥാനത്തെ മുഴുവന്‍ പ്രചാരണ ചുമതലയും വഹിക്കേണ്ടതുണ്ട്. മത്സരിച്ചാല്‍ ഒരു മണ്ഡലത്തില്‍ മാത്രം കേന്ദ്രീകരിക്കേണ്ടിവരുമെന്നും സുധാകരന് സൂചിപ്പിച്ചു. രാവിലെ നടക്കുന്ന സ്ക്രീനിങ് കമ്മിറ്റി യോഗത്തില്‍ കെ സുധാകരന്റെ അഭിപ്രായം ചര്‍ച്ചയാകും.കെപിസിസി പ്രസിഡന്റ് കെ സുധാകരന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി തുടങ്ങിയവര്‍ സ്ക്രീനിങ് കമ്മിറ്റി യോഗത്തില്‍ സംബന്ധിക്കും. നേരത്തെ കെ സുധാകരന് മത്സരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചാല്‍ മത്സരിക്കുമെന്ന് കെ സുധാകരന് തിരുത്തി പറഞ്ഞിരുന്നു. കെ സുധാകരന് മാറി നിന്നാല്‍ കണ്ണൂരില്‍ കരുത്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് കെ മുരളീധരന് ആവശ്യപ്പെട്ടു. സാമുദായിക സമവാക്യങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമുണ്ടാകുക. സിറ്റിങ് എംപിമാരെ അതേപടി നിര്‍ത്താന്‍ തീരുമാനിച്ചാല്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ട ആരുമില്ല എന്നതും നേതൃത്വം പരിഗണിച്ചേക്കും.