ന്യൂഡല്‍ഹി : ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിന് പ്രായപരിധി കുറയ്ക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാരിന് നിയമകമ്മീഷന്റെ ശുപാര്‍ശ. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് കുട്ടികളുടെ അവകാശങ്ങള്‍ നിലനിര്‍ത്തണം. പ്രായപരിധി 16 ആക്കുന്നത് ശൈശവ വിവാഹം, കുട്ടികളെ കടത്തല്‍ എന്നിവ തടയുന്നതിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് നിയമകമ്മീഷന് കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയത്.
എന്നിരുന്നാലും, 16 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നിന്ന് മൗനാനുവാദം ലഭിക്കുന്ന കേസുകളില്‍ ‘സാഹചര്യം പരിഹരിക്കുന്നതിന്’ പോക്സോ നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരേണ്ടത് ആവശ്യമാണെന്നും നിയമ കമ്മീഷന് പാനല്‍ പറഞ്ഞു. കേസുകളുടെ സ്വഭാവമനുസരിച്ച് 16-18കാരുടെ കാര്യത്തില്‍ കോടതിക്ക് വിവേചനാധികാരം പ്രയോഗിക്കാവുന്നതാണ്. അതേസമയം ഹീനമായ കുറ്റകൃത്യം ചെയ്യുന്നവരെ ജുവനൈല്‍ ആക്ടിലും മുതിര്‍ന്നവരായി കണക്കാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
നിലവിലുള്ള ശിശു സംരക്ഷണ നിയമങ്ങള്‍, വിവിധ വിധികള്‍, കുട്ടികളെ കടത്തല്‍, ബാല വേശ്യാവൃത്തി എന്നിവ സൂക്ഷ്മമായി അവലോകനം ചെയ്ത ശേഷമാണ് നിലവിലെ പ്രായപരിധിയില്‍ മാറ്റം വരുത്തേണ്ട എന്ന് തീരുമാനത്തില്‍ എത്തിയത് എന്ന് നിയമ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തി നേതൃത്വം നല്കുന്ന പാനലാണ് ശുപാര്‍ശ നല്‍കിയത്. 16നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ഉള്‍പ്പെട്ട കേസുകളുമായി ബന്ധപ്പെട്ട നിലപാടുകളും അഭിപ്രായങ്ങളും കണക്കിലെടുത്തതായി ഋതുരാജ് അവാസ്തി പറഞ്ഞു. നിയമം സന്തുലിതമാണെന്ന് ഉറപ്പാക്കുകയും കുട്ടിയുടെ മികച്ച താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും വേണമെന്നും ശുപാര്‍ശയില്‍ പറയുന്നു.