കൊച്ചി : എറണാകുളം ഗസ്റ്റ് ഹൗസില്‍നിന്നു മാധ്യമങ്ങളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോടു ക്ഷുഭിതനായതിനെപ്പറ്റി പ്രതികരണം ആരായാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് മറുപടി പറയാതെ മാധ്യമങ്ങളെ പുറത്താക്കാനും സുരേഷ് ഗോപി ആവശ്യപ്പെട്ടു. തുടര്‍ന്ന്, മാധ്യമങ്ങള്‍ ചോദ്യം ചോദിക്കുന്നത് അസൗകര്യം ഉണ്ടാക്കുന്നെന്നും അതിനാല്‍ പുറത്തുപോകണമെന്നും ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. താന്‍ പുറത്തിറങ്ങുമ്പോള്‍ ഗസ്റ്റ് ഹൗസ് വളപ്പില്‍ ഒരു മാധ്യമപ്രവര്ത്തകന് പോലും ഉണ്ടാവരുതെന്ന് സുരേഷ് ഗോപി നിര്‍ദേശിച്ചതായി ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും അടക്കമുള്ളവര്‍ കൊച്ചിയില്‍ എത്തുമ്പോള്‍ സാധാരണ താമസിക്കാറുള്ളത് എറണാകുളം ഗസ്റ്റ് ഹൗസിലാണ്. ഇവിടെയെത്തുന്നവരുമായി മാധ്യമങ്ങള്‍ കൂടിക്കാഴ്ച നടത്തുകയും പ്രതികരണം ആരായാറുമുണ്ട്. ശനിയാഴ്ച രാവിലെ എത്തിയ സുരേഷ് ഗോപിയോടും പതിവു പോലെ പ്രതികരണം തേടിയെങ്കിലും മിണ്ടാതെ അദ്ദേഹം മുറിയിലേക്കു പോയി. ഇതിനു ശേഷമാണ് മാധ്യമങ്ങളെ ഗസ്റ്റ് ഹൗസിന്റെ ലോബിയില്‍നിന്നു പുറത്താക്കണമെന്ന് ഗണ്മാന് വഴി റിസപ്ഷനിസ്റ്റിനെ അറിയിച്ചത്.
വെള്ളിയാഴ്ച, ജബല്‍പുരില്‍ വൈദികരെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോടാണ് സുരേഷ് ഗോപി ക്ഷുഭിതനായി സംസാരിച്ചത്. ”നിങ്ങള്‍ ആരാ, ആരോടാ ചോദിക്കുന്നേ? വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാ ഇവിടെ? ഇവിടെ ജനങ്ങളാണ് വലുത്. ബി കെയര്‍ഫുള്‍. സൗകര്യമില്ല പറയാന്‍.” എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.