തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് കെഎം സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ വീണ്ടും കേസ്. ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ ഹര്‍ജിയില്‍ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് നടപടി.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി, ബസ്സിനുള്ളില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടതുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയത്. യദുവിന്റെ മൊഴിയെടുത്ത ശേഷമായിരിക്കും മേയറെയും എംഎല്‍എയെയും ചോദ്യം ചെയ്യുന്ന നടപടികളിലേക്ക് നീങ്ങുകയെന്നാണ് സൂചന. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുക്കാന്‍ ഉത്തരവിട്ടത്. നേരത്തെ സംഭവത്തില്‍ ഡ്രൈവര്‍ യദു പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുത്തിരുന്നില്ല. തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു.
മേയര്‍ ആര്യാ രാജേന്ദ്രന്, ഭര്‍ത്താവും എംഎല്‍എയുമായ കെഎം സച്ചിന്‍ദേവ്, മേയറുടെ സഹോദരന്, സഹോദര ഭാര്യ, കണ്ടാലറിയാവുന്ന ഒരാള്‍ ഇവര്‍ക്കെതിരെ കേസ് എടുക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അസഭ്യം പറയല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സമാനമായ പരാതിയില്‍ നേരത്തെയും കോടതി കേസ് എടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു.