ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ പോളിങ് ബൂത്തിലേക്ക് നീങ്ങുന്ന 98 മണ്ഡലങ്ങളിൽ നാമനിർദേശപത്രികാ സമർപ്പണം ഇന്ന് അവസാനിക്കും. ബിഹാറിലെ നാല് മണ്ഡലങ്ങളിലെ പത്രികാസമർപ്പണം നാളെയാണ് അവസാനിക്കുക. 39 സീറ്റുള്ള തമിഴ്നാടാണ് ആദ്യഘട്ടം വോട്ടെടുപ്പ് പൂർത്തിയാകുന്ന പ്രധാന സംസ്ഥാനം. അഞ്ച് സീറ്റുള്ള ഉത്തരാഖണ്ഡ്, രണ്ട് സീറ്റുകൾവീതമുള്ള അരുണാചൽ, മേഘാലയ എന്നിവിടങ്ങളിലും ഒന്നാംഘട്ടത്തിൽ വോട്ടെടുപ്പ് പൂർത്തിയാകും.
മണിപ്പുരിലെ രണ്ടു മണ്ഡലങ്ങളിലും ആദ്യഘട്ടത്തിൽ വോട്ടെടുപ്പുണ്ടെങ്കിലും ഔട്ടർ മണിപ്പുരിൽ രണ്ടാംഘട്ടത്തിലേക്കുകൂടി നീളും. ഒരു സീറ്റുമാത്രമുള്ള മിസോറം, നാഗാലാൻഡ്, സിക്കിം, പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ എന്നിവിടങ്ങളിലും ആദ്യഘട്ടത്തിലാണ് വോട്ട്. രാജസ്ഥാനിലെ പന്ത്രണ്ട്, കിഴക്കൻ യുപിയിലെ എട്ടു മണ്ഡലങ്ങൾ, മധ്യപ്രദേശിലെ ആറ്, അസമിലെയും മഹാരാഷ്ട്രയിലെയും അഞ്ച് വീതം, ബിഹാറിലെ നാല്, ബംഗാളിലെ മൂന്ന്, ത്രിപുര വെസ്റ്റ് എന്നിവിടങ്ങളിലും ആദ്യഘട്ടത്തിൽ വോട്ടെടുപ്പുണ്ട്. പിലിഭിത്തിൽ ബിജെപി സീറ്റ് നിഷേധിച്ച വരുൺ ഗാന്ധി സമാജ്വാദി പാർട്ടിയുടെ പിന്തുണയോടെ സ്വതന്ത്രനാകുമോ എന്ന സസ്പെൻസ് കൂടി ഇന്ന് അവസാനിക്കും.
ആദ്യഘട്ടത്തിലെ പ്രധാന മണ്ഡലങ്ങൾ
നാഗ്പുർ (മഹാരാഷ്ട്ര): മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിക്ക് നാഗ്പുരിൽ മൂന്നാമൂഴം. 2014ലെ കന്നിമത്സരത്തിൽ 2.85 ലക്ഷം വോട്ടിന് കോൺഗ്രസിന്റെ വിലാസ് മുത്തെംവറെ തോൽപ്പിച്ചു. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ നിലവിലെ പിസിസി പ്രസിഡന്റ് നാനാ പഠോളെയെ 2.16 ലക്ഷം വോട്ടിന് ഗഡ്കരി 2019ൽ തോൽപ്പിച്ചു. ഇക്കുറി എതിരാളി കോൺഗ്രസിന്റെ പ്രാദേശികനേതാവ് വികാസ് താക്ക്റെയാണ്.
പിലിബിത്ത് (യുപി): വരുൺ ഗാന്ധിയുടെ സിറ്റിങ് മണ്ഡലമായ പിലിബിത്തിൽ മുൻ കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദയാണ് ഇത്തവണ ബിജെപി സ്ഥാനാർഥി. സീറ്റ് നിഷേധിച്ച സാഹചര്യത്തിൽ വരുൺ ഗാന്ധി സ്വതന്ത്രനായി വന്നേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. അങ്ങനെയെങ്കിൽ എസ്പി സ്ഥാനാർഥി ഉജ്വൽ ഗുപ്ത പിൻവാങ്ങും. 2014ൽ രണ്ടുലക്ഷത്തിനടുത്ത് വോട്ടുപിടിച്ച അനീസ് അഹമ്മദ് ഖാനെ ബിഎസ്പി വീണ്ടും സ്ഥാനാർഥിയാക്കിയിട്ടുണ്ട്.
സിക്കർ (രാജസ്ഥാൻ): സിപിഐ എം സംസ്ഥാന സെക്രട്ടറി അമ്രാറാം ഇന്ത്യ കൂട്ടായ്മയുടെ സ്ഥാനാർഥിയായി രംഗത്തുണ്ട്. തുടർച്ചയായി രണ്ടുവട്ടം ജയിച്ച ബിജെപിയുടെ സുമേദാനന്ദ് സരസ്വതിയാണ് എതിരാളി.
ചിന്ദ്വാഡ (മധ്യപ്രദേശ്):- കമൽനാഥ് കുടുംബത്തിന്റെ കുത്തക മണ്ഡലമാണ് ഛത്തീസ്ഗഢിനോട് ചേർന്നുള്ള ചിന്ദ്വാഡ. കമൽനാഥ് തുടർച്ചയായി അഞ്ചുവട്ടം ജയിച്ച മണ്ഡലത്തിൽ സിറ്റിങ് എംപികൂടിയായ മകൻ നകുൽനാഥാണ് കോൺഗ്രസ് സ്ഥാനാർഥി. 2019ൽ കോൺഗ്രസ് മധ്യപ്രദേശിൽ ജയിച്ച ഏകമണ്ഡലമാണിത്. ബിജെപി ജില്ലാ പ്രസിഡന്റ് വിവേക് സാഹുവാണ് എതിരാളി.