പതിനെട്ടാം ലോക്സഭാ തെരെഞ്ഞെടുപ്പിനായുള്ള നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണം ആരംഭിച്ചതോടെ കേരളത്തില്‍ മൂന്നുമുന്നണികളുടെയും തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജ്ജിതമായി. സംസ്ഥാനത്ത് പോളിംഗ് രണ്ടാം ഘട്ടത്തിലാണ്. നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ നാല് വ്യാഴാഴ്ചയാണ്. കേരളത്തിലെ ലോക്സഭാ തെരെഞ്ഞെടുപ്പിന്റെ പ്രചാരണം ചൂട് പിടിക്കുകയാണ്. മൂന്ന് മുന്നണികളും പലയിടത്തും കുടുംബയോഗങ്ങള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. അതോടൊപ്പം തന്നെ സ്ക്വാഡ് പ്രവർത്തനവും ഉഷാറാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം അനൗദ്യോഗിക സന്ദര്‍ശനങ്ങള്‍ നടത്തിയ സ്ഥാനാര്‍ത്ഥികളെല്ലാം ഇപ്പോള്‍ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടന്നിരിക്കുന്നു.
തിരുവനന്തപുരത്തും വയനാട്ടിലും നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിന് ബിജെപി കേന്ദ്രമന്ത്രിമാരെയാണ് ഇറക്കുന്നത്. അമേഠിയില്‍ രാഹുലിനെ തോല്‍പ്പിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പത്രികാ സമര്പ്പണത്തിനെത്തിന് രാഹുല്‍ ഗാന്ധിയുടെ തട്ടകമായ വയനാട്ടിലെത്തും. മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പത്രികാസമര്‍പ്പണത്തിന് തിരുവനന്തപുരത്ത് എത്തുന്നത് വിദേശകാര്യമന്ത്രി ജയശങ്കറാണ്. നേരത്തെ തിരുവനന്തപുരം സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് പറഞ്ഞു കേട്ടത് ജയശങ്കറിന്റെ പേരായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും വരും ദിവസങ്ങളില്‍ കേരളത്തിലുണ്ടാകും, തൃശൂരിലും തിരുവനന്തപുരത്തും പ്രധാനമന്ത്രിയുടെ റോഡ്ഷോയുണ്ടാകുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്കുന്ന സൂചന.
ഇടതുമുന്നണിയാകട്ടെ സ്ഥാനാര്‍ത്ഥി പര്യടനത്തിലാണ് ഇപ്പോൾ ശ്രദ്ധിക്കുന്നത്. ഒരു നിയമസഭാ മണ്ഡലത്തില്‍ മൂന്ന് ഘട്ടങ്ങളായിട്ടാണ് സ്ഥാനാര്‍ത്ഥി പര്യടനം നടത്തുന്നതെന്ന് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുമതല വഹിക്കുന്ന നേതാക്കള്‍ വ്യക്തമാക്കി. റോഡ്ഷോയും മണ്ഡലാടിസ്ഥനത്തിലാണ്. സമൂഹത്തിന്റെ വിവിധ തുറയിലുള്ള ആളുകള്‍ അടങ്ങുന്ന സ്ക്വാഡുകളാണ് ഇടതുമുന്നണിയുടേതായി വീടുവീടാന്തരം കയറിയിറങ്ങുന്നത്. യുവാക്കള്‍, വനിതകള്‍, ഐടി പ്രൊഫഷണലുകള്‍ തുടങ്ങിയവരാണ് ഈ സ്ക്വാഡുകളില്‍ ഉണ്ടാവുക. നഗരഗ്രാമപ്രദേശങ്ങളില്‍ അതാതിടങ്ങൾക്ക് പറ്റിയ സ്ക്വാഡുകളെയാണ് ഇറക്കുന്നത്. സിപിഎം മത്സരിക്കുന്ന മണ്ഡലങ്ങില്‍ രണ്ട് വീതം സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കും സംസ്ഥാന കമ്മറ്റിയംഗങ്ങള്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്. സിപിഐ മത്സരിക്കുന്നിടത്ത് രണ്ട് സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങള്‍ക്കാണ് ചുമതല. മുഖ്യമന്ത്രിയുടെ മണ്ഡലപര്യടനത്തിന് പുറമേ മറ്റന്നാള്‍ മുതല്‍ ഇടതുമുന്നണിയുടെ ദേശീയ നേതാക്കളുമെത്തും. അടുത്തയാഴ്ച മുതൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് മണ്ഡലങ്ങളിലെ അവലോകന യോഗത്തില്‍ പങ്കെടുക്കും.
ഒരുവീട്ടില്‍ മൂന്നിലധികം തവണ സ്ക്വാഡുകള്‍ എത്തണമെന്നാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നതെന്ന് നേതാക്കള്‍ പറയുന്നു. പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 24 വരെ സ്ക്വാഡ് പ്രവര്‍ത്തനം ഉണ്ടായിരിക്കും. ഒരു ബൂത്തില്‍ രണ്ടു കുടുംബയോഗങ്ങളാണ് യുഡിഎഫ് പ്ളാന്‍ ചെയ്തിട്ടുള്ളത്. സംസ്ഥാനത്തൊട്ടാകെ അമ്പതിനായിരം കുടുംബയോഗങ്ങളാണ് യുഡിഎഫ് സംഘടിപ്പിക്കുക. സ്ഥാനാര്‍ത്ഥികള്‍ നേരിട്ട് വോട്ടര്‍ഭ്യര്‍ത്ഥിക്കുന്ന രീതിയിലാണ് യുഡിഎഫിന്റെ പ്രചാരണം. വയനാട്ടില്‍ മല്‍സരിക്കുന്ന രാഹുല്‍ഗാന്ധി കേരളത്തിലെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പ്രചാരണത്തിനെത്തും. റോഡ്ഷോകളിലും രാഹുല്‍ പങ്കെടുക്കും. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്കാ ഗാന്ധി, സച്ചിന് പൈലറ്റ് തുടങ്ങിയ നേതാക്കളാണ് രാഹുല്‍ഗാന്ധിയെക്കൂടാതെ യുഡിഎഫിനായി പ്രചാരണത്തിനെത്തുന്നത്
ഓരോ ലോക്സഭാ മണ്ഡലത്തിന്റെയും ചുമതല ഒരു കെപിസിസി ജനറല്‍ സെക്രട്ടറിക്കാണ് നല്‍കിയിരിക്കുന്നത്. അതോടൊപ്പം മുന്‍ സെക്രട്ടറിമാര്‍ക്കും ഉത്തരവാദിത്തം നല്‍കിയിട്ടുണ്ട്. മിഷന് 2024 എന്ന നിലയില്‍ ഓരോ മണ്ഡലത്തിന്റെയും ചുമതലയുള്ള നേതാക്കള്‍ക്ക് പുറമേയാണിത്. കെപിസിസി അധ്യക്ഷൻ കെ. സുധാകരന് മത്സരിക്കുന്നതിനാല്‍ പ്രചാരണങ്ങളുടെ അവലോകനം പ്രതിപക്ഷനേതാവ് വിഡി സതീശനാണ് നിര്‍വഹിക്കുന്നത്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രചാരണ സമതിയുടെ ചെയര്മാന്. 20 മണ്ഡലങ്ങളിലും യുഡിഎഫ് ആദ്യഘട്ട അവലോകന യോഗങ്ങളും പൂര്‍ത്തിയാക്കി.
ഇനിയുള്ള ദിനരാത്രങ്ങളെല്ലാം കടുത്ത പ്രചാരണച്ചൂടിലായിരിക്കും. നോമിനേഷന് നല്കിക്കഴിഞ്ഞാല് കഷ്ടിച്ച് 20 ദിവസമേ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലഭിക്കൂ. അതില്‍ രണ്ടു മൂന്നു ദിവസം പെരുന്നാളും വിഷുവുമായി പോകും. പിന്നെ കഷ്ടിച്ച് 17 ദിവസങ്ങളിലാണ് 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി നീക്കി വയ്ക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടുന്നുള്ളൂ