സ്റ്റോക്ഹോം : ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നോർവീജിയൻ എഴുത്തുകാരനും നാടകകൃത്തുമായ യോൺ ഫോസെയ്ക്ക്. നൊബേൽ പുരസ്കാര നേട്ടം അപ്രതീക്ഷിതമെന്നും അതിയായ സന്തോഷമെന്നും യോൺ ഫോസെ പ്രതികരിച്ചു. പുരസ്കാരം സാഹിത്യ ലോകത്തിനുള്ളതാണെന്നും ഫോസെ പറഞ്ഞു. പറഞ്ഞറിയിക്കാനാകാത്ത മനുഷ്യ വികാരങ്ങളേയും വേദനകളേയും സ്വന്തം സൃഷ്ടിയിലൂടെ അവതരിപ്പിച്ചതിനാണ് പുരസ്കാരം.
ഹെൻറിക് ഇബ്സൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അവതരിപ്പിക്കപ്പെട്ട നോർവീജിയൻ നാടകകൃത്താണ് ഫോസെ. പുതിയ കാലത്തെ ഇബ്സൻ എന്നും അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. നാടകങ്ങള്‍ക്കും നോവലുകള്‍ക്കും പുറമേ, കവിതാ സമാഹാരങ്ങള്‍, ഉപന്യാസങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, വിവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി കൃതികള്‍ ഫോസിന്റേതായിട്ടുണ്ട്. അതേസമയം, സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെള്ളിയാഴ്ച്ചയും സാമ്പത്തിക നൊബേൽ തിങ്കളാഴ്ച്ചയും പ്രഖ്യാപിക്കും. നോബൽ പതക്കത്തിനും ബഹുമതി പത്രത്തിനു പുറമേ 10 മില്ല്യൺ സ്വീഡൻ ക്രോണ (2006-ലെ കണക്കു പ്രകാരം ഏതാണ്ട് 6 കോടി 26 ലക്ഷം ഇന്ത്യൻ രൂപ) സമ്മാനത്തുകയും ജേതാവിനു ലഭിക്കും.