മലപ്പുറം : മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ വീട്ടിലെ പൊലീസ് പരിശോധന അറിയിപ്പിൽ ദുരൂഹത ഇല്ലെന്ന് പൊലീസ്. കേസുള്ള ആളുകളുടെ വീട്ടിൽ നടത്തുന്ന സാധാരണ നടപടി മാത്രമാണെന്നാണ് പൊലീസിന്റെ വാദം. ഇന്നലെ അർധരാത്രിയോടെ പൊലീസ് സംഘം കാപ്പന്റെ വീട്ടിൽ
എത്തുമെന്നായിരുന്നു അറിയിപ്പ്. പൊലീസ് വീട്ടിലേക്കുള്ള വഴിനീളെ ആളുകളോട് തന്നെക്കുറിച്ച് അന്വേഷിച്ചുവെന്ന് സിദ്ദിഖ് കാപ്പൻ മീഡിയവണിനോട് പറഞ്ഞിരുന്നു.
ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് വേങ്ങര പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാർ കാപ്പന്റെ വീട്ടിൽ എത്തിയത്. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞ് വീട്ടിൽ സിദ്ധീഖ് കാപ്പൻ ഉണ്ടാകുമോ എന്ന് ചോദിച്ചു. ഉണ്ടെങ്കിൽ പരിശോധനക്കായി മലപ്പുറത്ത് നിന്നും പന്ത്രണ്ട് മണി കഴിഞ്ഞ് പൊലീസ് എത്തുമെന്നും വീട്ടിലേക്കുള്ള വഴിയും കാപ്പന്റെ സാന്നിധ്യവും ഉറപ്പുവരുത്താനാണ് വന്ന് ചോദിക്കുന്നതെന്നും പറഞ്ഞു. എന്താണ് കാര്യമെന്നും എന്തിനാണ് പരിശോധനയെന്നും ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം നൽകിയില്ല.
ശേഷം കാപ്പന്റെ വക്കീൽ വീട്ടിൽ വന്ന പൊലീസുകാരെ വിളിച്ച് സംസാരിച്ചിരുന്നു. ഏത് ഉത്തരവിന്റെ പുറത്താണ് അസമയത്തെ പരിശോധനയെന്നും ജാമ്യവ്യവസ്ഥകൾ എല്ലാം പാലിച്ചാണ് കാപ്പൻ പോകുന്നതെന്നും വക്കീൽ പറഞ്ഞെങ്കിലും പൊലീസുകാർ കൃത്യമായ ഉത്തരം നൽകിയില്ലെന്ന് കാപ്പൻ പറഞ്ഞു. വാർത്ത വന്നതിന് പിന്നാലെയാണ് പൊലീസിന്റെ വിശദീകരണം.