തിരുവനന്തപുരം : സേവനം നൽകാതെ പണം കൈപ്പറ്റി എന്ന് താൻ മൊഴി നൽകിയിട്ടില്ലെന്ന് വീണ വിജയൻ . ഇത്തരത്തിലുള്ള പ്രചരണം വസ്തുതാ വിരുദ്ധമാണ്. മൊഴി നൽകുകയും അന്വേഷണ ഉദ്യോഗസ്ഥൻ അത് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സേവനം നൽകാതെ പണം നൽകിയെന്ന മൊഴി നൽകിയിട്ടില്ല. പ്രസ്താവനയിലൂടെയാണ് വീണ വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്തരം ചില വാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇപ്പോൾ ചിലർ പ്രചരിപ്പിക്കുന്ന തരത്തിൽ ഒരു മൊഴിയും ഞാൻ നൽകിയിട്ടില്ല. ഞാൻ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ മൊഴി നൽകുകയും അത് അവർ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ ഞാനോ എക്സാലോജിക് സൊല്യൂഷൻസോ സേവനങ്ങൾ നൽകാതെ സിഎംആർഎല്ലിൽ നിന്ന് എന്തെങ്കിലും പണം കൈപ്പറ്റി എന്ന തരത്തിലുള്ള മൊഴി അവിടെ നൽകിയിട്ടില്ല. വാസ്തവ വിരുദ്ധമാണ് ഇത്തരം പ്രചാരണങ്ങളെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുന്നുവെന്നും വീണ വിജയൻ പ്രസ്താവനയിൽ പറഞ്ഞു.