തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരള തീരം മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായാണ് ഇടിയോടുകൂടി വ്യാപക മഴയെത്തുന്നത്. വെള്ളിയാഴ്ച മുതൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച കോഴിക്കോട് ജില്ലയിലും ഞായറാഴ്ച കണ്ണൂർ ജില്ലയിലും തിങ്കളാഴ്ച കാസർഗോഡ് ജില്ലയിലും ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.അതേസമയം, വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ശനിയാഴ്ച തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, കാസർഗോഡ് ജില്ലകളിലും തിങ്കളാഴ്ച കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.