കൊച്ചി: ഭിന്നതയില്‍ നില്‍ക്കെ പുതിയ സിനിമകള്‍ റിലീസ് ചെയ്യാമെന്ന തിയ്യറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ നിര്‍ദേശത്തെ തള്ളി നിര്‍മാതാക്കളുടെ സംഘടന. ഫിയോക്കുമായി ചര്‍ച്ചക്കില്ലെന്നും പുതിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന ആദ്യ നിലപാട് നിരുത്തരവാദപരമായിരുന്നുമെന്നുമാണ് നിര്‍മാതാക്കളുടെ സംഘടനയുടെ നിലപാട്.
ഈ മാസം 23 മുതലാണ് ഒടിടി റീലിസിങ്ങിലടക്കമുള്ള വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കൊണ്ട് പുതിയ സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് ഫിയോക് നിലപാടെടുത്തത്. കഴിഞ്ഞ ആഴ്ച പുതിയ സിനിമകള്‍ റിലീസ് ചെയ്തതുമില്ല. ഫിയോക് നിലപാട് മയപ്പെടുത്തിയെങ്കിലും നിര്‍മാതാക്കള്‍ അയഞ്ഞിട്ടില്ല.
അതേസമയം റീലീസ് ചെയ്ത ചിത്രങ്ങള്‍ മികച്ച പ്രതികരണവുമായി മുന്നോട്ട് പോകുകയാണ്. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ ചിത്രങ്ങള്‍ ഹൗസ് ഫുള്ളായി ഓടുകയാണ്. നിലവില്‍ റിലീസ് മാറ്റി വെച്ച സിനിമകള്‍ അടുത്ത ദിവസങ്ങളില്‍ റിലീസ് ചെയ്യും.