തിരുവനന്തപുരം : സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന സെമിനാറുകള്‍ ഉള്‍പ്പെടെ പഠന, പരിശീലന പരിപാടികള്‍ക്കായി ചെലവേറിയ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് സര്‍ക്കാര്‍ വിലക്കി. ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സഹായം ലഭിക്കുന്ന ഇതര സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം ഉത്തരവ് ബാധകമാണ്.
സെമിനാറുകള്‍, ശില്പശാലകള്, പരിശീലന പരിപാടികള്‍ എന്നിവയ്ക്കായി നക്ഷത്ര ഹോട്ടലുകള്‍ അടക്കം വന്‍ചെലവ് വരുന്ന സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതുമൂലമുള്ള അധികച്ചെലവ് ധനകാര്യ രഹസ്യവിഭാഗം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരം ആവശ്യങ്ങള്‍ക്കായി വകുപ്പുകളും സ്ഥാപനങ്ങളും തങ്ങളുടെ കീഴിലുള്ള സൗകര്യങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. ഇവ പോരാതാകുന്ന ഘട്ടങ്ങളില്‍ ഇതര വകുപ്പുകളുടേയോ ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളുടെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയോ ഇതര സര്‍ക്കാര്‍ നിയന്ത്രിത, സര്‍ക്കാര്‍ രൂപീകൃത സ്ഥാപനങ്ങളുടെയോ കീഴിലുള്ള സംവിധാനങ്ങള്‍ മാത്രം ഉപയോഗിക്കാനാകണമെന്നും ഉത്തരവില്‍ പറയുന്നു.