കണ്ണൂര്‍ : അയ്യന്‍കുന്നിലെ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് രക്തം ഉണ്ടായിരുന്നുവെന്നും എടിഎസ് ഡിഐജി പുട്ട വിമലാദിത്യ. തോക്കുകള്‍ പിടിച്ചെടുത്തതായും ഡിഐജി മാധ്യമങ്ങളോട് വ്യക്തമാക്കി.സംഘത്തില്‍ എട്ട് പേരുണ്ടെന്നാണ് കരുതുന്നത്. എത്ര മാവോയിസ്റ്റുകള്‍ക്ക് പരുക്കേറ്റുവെന്നത് അറിയാന്‍ കഴിഞ്ഞിട്ടില്ല. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് രണ്ട് തോക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റ് തിരച്ചില്‍ മേഖലയില്‍ ഉന്നത പൊലീസ് സംഘമെത്തിയിരിക്കുകയാണ്. എടിഎസ് ഡിഐജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കരിക്കോട്ടക്കിരി മേഖലയില്‍ തങ്ങുന്നത്. റൂറല്‍ എസ്പി, ജില്ലയിലെ അഞ്ചോളം ഡിവൈഎസ്പിമാര്‍ എന്നിവരും സംഘത്തിലുണ്ട്. ഇന്നലെ രാത്രിയില്‍ കണ്ണൂര്‍ അയ്യന്‍കുന്ന് ഉരുപ്പുകുറ്റി വനത്തില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി പൊലീസ് വ്യക്തമാക്കി.