തിരുവനന്തപുരം : വിദേശജോലി എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ ധനസഹായ പദ്ധതിയുമായി നോർക്ക. നൈപുണ്യ പരിശീലനം, യാത്രയ്ക്കുള്ള പ്രാരംഭ ചെലവ് എന്നിവയ്ക്കായി പലിശ സബ്സിഡിയോടെ വായ്പ ലഭ്യമാക്കുന്ന ശുഭയാത്ര പദ്ധതിയാണ് നോർക്ക പ്രഖ്യാപിച്ചത്.
പ്രവാസി നൈപുണ്യവികസന സഹായം, വിദേശതൊഴിലിനായുള്ള യാത്രാസഹായം എന്നി ഉപപദ്ധതികൾ ഇതിൽ ഉൾപ്പെടും. 36 മാസ തിരിച്ചടവിൽ രണ്ടുലക്ഷം രൂപവരെയാണ് വായ്പ.
അംഗീകൃത റിക്രൂട്ടിങ് ഏജൻസി മുഖേന ലഭിക്കുന്ന ജോബ് ഓഫറിന്റെ അടിസ്ഥാനത്തിലാണ് വായ്പ ലഭിക്കുക. കൃത്യമായി തിരിച്ചടവിന് നാലു ശതമാനം പലിശ സബ്സിഡി 30 മാസത്തേക്ക് നൽകും. ആദ്യത്തെ ആറു മാസത്തെ മുഴുവൻ പലിശയും നോർക്ക റൂട്ട്സ് വഹിക്കും. വിസ സ്റ്റാമ്പിങ്, എച്ച്ആർഡി/എംബസി അറ്റസ്റ്റേഷൻ, ഇമിഗ്രേഷൻ ക്ലിയറൻസ്, എയർ ടിക്കറ്റുകൾ, വാക്സിനേഷൻ എന്നിവയ്ക്കുള്ള ചെലവുകൾക്കായി വായ്പ പ്രയോജനപ്പെടുത്താം.
നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണന്റെ സാന്നിധ്യത്തിൽ നോർക്ക സിഇഒ അജിത് കോളശേരിയും മലപ്പുറത്തെ സംസ്ഥാന പ്രവാസിക്ഷേമ വികസന സഹകരണസഹകരണ സംഘം ഡയറക്ടർ കെ വിജയകുമാറും കരാർ കൈമാറി. സഹകരണസംഘം ഡയറക്ടർ ആർ ശ്രീകൃഷ്ണപിള്ള, നോർക്ക റിക്രൂട്ട്മെന്റ് മാനേജർ പ്രകാശ് പി ജോസഫ് എന്നിവർ പങ്കെടുത്തു.