ന്യൂഡല്‍ഹി : മഹാകുംഭമേളക്കായി സൗജന്യ യാത്ര അനുവദിക്കുമെന്ന വാര്‍ത്തകള്‍ തള്ളി റെയില്‍വെ മന്ത്രാലയം. ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഇങ്ങനൊരു വ്യവസ്ഥ നിലവിലില്ലെന്നും റെയില്‍വെ അറിയിച്ചു.
‘മഹാകുംഭമേളയ്ക്കിടെ യാത്രക്കാര്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നുള്ള മാധ്യമ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്, ഈ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്’ ഇന്ത്യന്‍ റെയില്‍വേ പ്രസ്താവനയില്‍ അറിയിച്ചു.
‘സാധുവായ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് ഇന്ത്യന്‍ റെയില്‍വേയുടെ നിയമങ്ങളും ചട്ടങ്ങളും പ്രകാരം തെറ്റാണ്, ഇത് ശിക്ഷാര്‍ഹമായ കുറ്റമാണ്. മഹാകുംഭമേളയിലോ മറ്റേതെങ്കിലും അവസരത്തിലോ സൗജന്യ യാത്രയ്ക്ക് വ്യവസ്ഥയില്ല,’ റെയില്‍വേ മന്ത്രാലയം അറിയിച്ചു.
മഹാകുംഭമേളയില്‍ യാത്രക്കാര്‍ക്ക് തടസമില്ലാത്ത യാത്ര ഉറപ്പാക്കാന്‍ റെയില്‍വേ പ്രതിജ്ഞാബദ്ധമാണ്. പ്രത്യേക ഹോള്‍ഡിങ് ഏരിയകള്‍, അധിക ടിക്കറ്റ് കൗണ്ടറുകള്‍, യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് ആവശ്യമായ മറ്റ് സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ മതിയായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും റെയില്‍വേ അറിയിച്ചു.