കൊച്ചി : ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്നു അമൽജ്യോതി എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത വിദ്യാർഥിനി ശ്രദ്ധയുടെ പിതാവ് പി.പി.സതീശൻ. ശ്രദ്ധ എഴുതിയെന്നു പറയുന്ന കുറിപ്പ് വ്യാജമാണ് . സുഹൃത്തുക്കൾക്കു സ്നാപ് ചാറ്റിൽ 2022 ഒക്ടോബറിൽ അയച്ച മെസേജ് സാഹചര്യം മാറ്റി ഉപയോഗിക്കുകയാണെന്നും ആരോപിച്ചു.
ശ്രദ്ധ സഹപാഠിക്കെഴുതിയ കുറിപ്പ് ഹോസ്റ്റൽ മുറിയിൽനിന്നു കഴിഞ്ഞ ദിവസം കണ്ടെടുത്തതായി പൊലീസ് അറിയിച്ചിരുന്നു . ‘നിന്നോടു വാങ്ങിയ പാന്റ്സ് കട്ടിലിൽ വച്ചിട്ടുണ്ട്, ഞാൻ പോവുകയാണ്’ എന്നു മാത്രമാണ് കുറിപ്പിലുണ്ടായിരുന്നതെന്നു ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് അറിയിച്ചു.ഈ കുറിപ്പിനെതിരായാണ് ശ്രദ്ധയുടെ കുടുംബം രംഗത്തുവന്നത്.
അതിനിടെ ജീവനൊടുക്കിയ സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഡിവൈഎസ്പി ടി.എം.വർഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ കോളജിലെത്തി ഹോസ്റ്റൽ മുറിയിലും ലാബിലും പരിശോധന നടത്തി. വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണവും പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ട് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചു. സംഭവത്തെ തുടർന്ന് എസ്എഫ്ഐ, കെഎസ്യു, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സമരം കാരണം കോളജിന്റെ പ്രവർത്തനം തടസ്സപ്പെട്ടതായി ചൂണ്ടിക്കാട്ടി കോളജ് മാനേജ്മെന്റും മാനേജർ ഫാ.ഡോ. മാത്യു പൈക്കാട്ടുമാണ് ഹർജി നൽകിയത്.