തിരുവനന്തപുരം : തുല്യമായ സാമൂഹികനീതി കേരളത്തില്‍ കൈവന്നിട്ടില്ലെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ശബരിമല, ഗുരുവായൂര്‍ തുടങ്ങിയ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ പൂജാരിമാരെയും ശാന്തിമാരെയും നിയമിക്കുമ്പോള്‍, അപേക്ഷയില്‍ അവര്‍ ബ്രാഹ്ണ സമുദായത്തില്‍പ്പെട്ടവരായിരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്ന ഒരു കോളം തന്നെയുണ്ട്.
അതില്‍ നിന്നുതന്നെ വ്യക്തമാണ് സാമൂഹിക നീതി അകലെയാണെന്ന്. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ മാത്രമല്ല, ക്ഷേത്ര ഭരണത്തിലും അധഃസ്ഥിത വിഭാഗത്തിന് പങ്കാളിത്തം വേണമെന്നും സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു.
മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ വേദിയിലിരിക്കുമ്പോഴാണ് സ്വാമി സച്ചിദാനന്ദയുടെ വിമര്‍ശനം. വര്‍ക്കല ശിവഗിരി മഠത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി റിയാസിന്റെ ഉദ്ഘാടനപ്രസംഗത്തിന് ശേഷമായിരുന്നു സ്വാമി സച്ചിദാനന്ദയുടെ വിമര്‍ശനം.
കേരളത്തിലെ സെക്രട്ടേറിയറ്റിനെക്കുറിച്ച് ഗുരു നിത്യചൈതന്യ യതി പറഞ്ഞു തമ്പുരാന് കോട്ടയാണെന്ന്. ആ തമ്പുരാന് കോട്ടയ്ക്ക് ഇന്നും കാര്യമായ വിള്ളലൊന്നും വന്നിട്ടില്ല. അതു തമ്പുരാന് കോട്ടയായി ഇപ്പോഴും നില്‍ക്കുകയാണ്.
കേരളത്തില്‍ കഴിഞ്ഞുപോയ മന്ത്രിസഭകള്‍, അത് ഇകെ നായനാരുടേയും കെ കരുണാകരന്റെയും ഉമ്മന്‍ചാണ്ടിയുടേയും അച്യുതാനന്ദന്റേയുമൊക്കെ വന്ന് ഇപ്പോഴത്തെ മന്ത്രിസഭയില്‍ നില്‍ക്കുകയാണ്. ദൈവദശകം പ്രാര്‍ത്ഥനാഗാനമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശിവഗിരിയിലെ സന്യാസിമാര്‍ ഈ മന്ത്രിസഭകള്‍ക്കെല്ലാം നിവേദനം നല്‍കിയതാണെന്നും സച്ചിദാനന്ദ പറഞ്ഞു.
കേരളത്തില്‍ ഇടതു-വലതു സര്‍ക്കാരുകള്‍ മാറി മാറി വന്നെങ്കിലും സംസ്ഥാനത്ത് സാമൂഹിക നീതി എന്ന യാഥാര്‍ത്ഥ്യം ഇതുവരെയും നടപ്പിലായില്ല. ശ്രീനാരായണഗുരു മുന്നോട്ടുവെച്ച സാമൂഹിക മുന്നേറ്റവും നവോത്ഥാനവും അദ്ദേഹത്തിന്റെ അന്ത്യത്തോടെ അവസാനിച്ചു. അതില്‍ നിന്നും മുന്നേറ്റമുണ്ടാക്കാന്‍ പിന്നീട് സാധിച്ചിട്ടില്ലെന്നും സച്ചിദാനന്ദ പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായ വി ജോയി, അടൂര്‍ പ്രകാശ് എംപി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.