കോട്ടയം : ഏറ്റുമാനൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം തള്ളി. ബിജെപി യോഗത്തില്‍ നിന്ന് വിട്ടുനിന്നതോടെ ക്വാറം തികഞ്ഞില്ല. ഇതോടെ യുഡിഎഫ് ഭരണം അവസാനിപ്പിക്കാനുള്ള ഇടതുമുന്നണി നീക്കം പാളുകയായിരുന്നു.
കോണ്‍ഗ്രസ് നേതാവ് ചെയര്‍പേഴ്സണ്‍ ലൗലി ജോര്ജിനെതിരായിരുന്നു ഇടതുമുന്നണിയുടെ അവിശ്വാസ നീക്കം. ലൗലി ജോര്‍ജ് ചെയര്‍പേഴ്സണായ ഭരണസമിതിയില്‍ നിന്ന് വൈസ് ചെയര്മാന് അടക്കം മൂന്ന് സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ കൂറുമാറിയിരുന്നു. ഇടതുപക്ഷത്തേക്ക് കൂറുമാറിയ കൗണ്‍സിലര്‍മാരുടെ കൂടെ പിന്തുണയിലായിരുന്നു അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഇതില്‍ നിന്ന് യുഡിഎഫും ബിജെപിയും വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനാവാതെ യോഗം പിരിഞ്ഞു.
കോണ്‍ഗ്രസ് – ബിജെപി ഒത്തുകളി മൂലമാണ് അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്കെടുക്കാന്‍ കഴിയാതെ പോയതെന്ന് പ്രതിപക്ഷ നേതാവ് ഇ.എസ്. ബിജു ആരോപിച്ചു. 35 കൗണ്‍സിലര്‍മാരുള്ള നഗരസഭയില്‍ മൂന്ന് സ്വതന്ത്രരുടെ പിന്തുണയിലാണ് യുഡിഎഫ് ഭരിച്ചിരുന്നത്. സ്വതന്ത്രര്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്നതോടെ 15ല്‍ നിന്ന് യുഡിഎഫ് 12ലേക്ക് ഒതുങ്ങി. ഭരണം മുന്നോട്ടു പോകണമെങ്കില്‍ ബിജെപി കൗണ്സിലരുടെ നിലപാട് ഇനി നിര്‍ണായകമാകും.