ന്യൂഡൽഹി : കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ പാർലമെന്റിൽ ഇന്ന് ചർച്ച നടക്കും. കോൺഗ്രസിൽ നിന്ന് രാഹുൽ ഗാന്ധിയാകും ആദ്യം സംസാരിക്കുക. മണിപ്പൂർ കലാപം പ്രധാന വിഷയമാക്കി മോദി സർക്കാരിനെ സമ്മർദ്ദത്തിലാക്കുക എന്നതാണ് പ്രതിപക്ഷ സഖ്യത്തിന്റെ ലക്ഷ്യം.കോണ്‍ഗ്രസ് എംപി ഗൗരവ് ഗോഗോയി ആണ് അവിശ്വാസ പ്രമേയം നല്‍കിയിരിക്കുന്നത്.
ഇന്നു മുതല്‍ വ്യാഴാഴ്ച വരെയാണ് ലോക്സഭയില്‍ ചർച്ച നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച സഭയില്‍ സംസാരിക്കും.ഭൂരിപക്ഷം ഉള്ളതിനാല്‍ അവിശ്വാസ പ്രമേയത്തില്‍ ബിജെപിക്ക് ആശങ്കയില്ല. ബിജെഡി, വൈഎസ്ആർ കോണ്‍ഗ്രസ്. ടിഡിപി പാര്‍ട്ടികള്‍ ബിജെപിയെ പിന്തുണക്കും. ബിആർഎസ് ഇന്ത്യ മുന്നണിയേയും പിന്തുണക്കും. എന്നാൽ മൂന്നു മാസത്തിലധികമായി തുടരുന്ന മണിപ്പൂരിലെ കലാപ വിഷയം പ്രധാന ചർച്ചയിൽ വരുന്നത് തന്നെ കേന്ദ്രത്തിന് തിരിച്ചടിയാണ്.
ചര്‍ച്ചയില്‍ പകുതിയിലേറെ സമയവും ബിജെപിക്കാണ് അനുവദിച്ചിട്ടുള്ളത്. ആറു മണിക്കൂര്‍ 41 മിനിറ്റാണ് ബിജെപിക്ക് നല്‍കിയത്. കോണ്‍ഗ്രസിന് ഒരു മണിക്കൂര്‍ 15 മിനിറ്റും നല്‍കിയിട്ടുണ്ട്. മറ്റു പാര്‍ട്ടികള്‍ക്കും സ്വതന്ത്ര അംഗങ്ങള്‍ക്കും സമയം അനുവദിച്ചിട്ടുണ്ട്. ബിജെപിയില്‍ നിന്ന് അഞ്ച് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ 15 പേര് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മ്മല സീതാരാമന്, സ്മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു എന്നിവരാണ് സംസാരിക്കുക. കോണ്‍ഗ്രസില്‍ നിന്നും രാഹുല്‍ ഗാന്ധിക്ക് പുറമെ, ഗൗരവ് ഗൊഗോയി, മനീഷ് തിവാരി, ദീപക് ബൈജ് എന്നിവരും സംസാരിക്കും. മറ്റു പ്രധാന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കും.