സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്സില്‍ തിളങ്ങി ‘ന്നാ താന്‍ കേസ് കൊട്’. ജനപ്രിയ ചിത്രം അടക്കം ഏഴോളം പുരസ്കാരങ്ങളാണ് ‘ന്നാ താന്‍ കേസ് കൊട്’. ചിത്രത്തിലെ പ്രകടനത്തിന് സ്പെഷ്യല്‍ ജൂറി പുരസ്കാരം കുഞ്ചാക്കോ ബോബന് നേടി. ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ രതീഷ് ബാലകൃഷ്ണന് പൊതുവാള് ആണ് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം നേടിയത്.
മികച്ച പശ്ചാത്തല സംഗീതത്തിന് ഡോണ്‍ വിന്‍സെന്റ് പുരസ്കാരം നേടി. മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ചിത്രത്തില്‍ ജഡ്ജിയായി വേഷമിട്ട പി.പി കുഞ്ഞികൃഷ്ണന് നേടി. മികച്ച കലാസംവിധായകനായി ജ്യോതിഷ് ശങ്കര്‍. മികച്ച ശബ്ദമിശ്രണത്തിനുള്ള പുരസ്കാരം വിപിന്‍ നായര്‍ നേടി.
രാഷ്ട്രീയ വിവാദങ്ങളില്‍ നിറഞ്ഞു നിന്ന ചിത്രമായിരുന്നു ന്നാ താന്‍ കേസ് കൊട്. ആക്ഷേപഹാസ്യത്തിന്റെ കൂട്ടുപിടിച്ച് അധികാര കേന്ദ്രങ്ങളുടെ അനാസ്ഥകളെയും അതിനു ചുക്കാന്‍ പിടിക്കുന്ന ഭരണാധികാരികളുടെ അധികാര ദുര്‍വിനിയോഗത്തെയും അതിന് കൂട്ട് നില്ക്കുന്ന ഉദ്യോഗസ്ഥരെയും വിമര്‍ശിച്ചു കൊണ്ടാണ് സിനിമ എത്തിയത്.
സിനിമയുടെ പ്രമോഷനായി ഉപയോഗിച്ച വാചകമായിരുന്നു വിവാദമായത്. ‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്. എന്നായിരുന്നു വിവാദത്തിന് കാരണമായ വാചകം. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്ററാണ് ഇതെന്നാണ് വിമര്‍ശകരുടെ വാദം. കേരളത്തിലെ റോഡിലെ കുഴികള്‍ സംസ്ഥാന സര്‍ക്കാരിന്റേതാണോ അതോ കേന്ദ്ര സര്‍ക്കാരിന്റേതാണോ എന്ന ചര്‍ച്ച കൊടുമ്പിരി കൊണ്ടിരുന്ന സമയത്ത് ആയിരുന്നു സിനിമാ പോസ്റ്ററിലെ ‘കുഴി പരാമര്‍ശം’ വിവാദമായത് .