എന്‍കെ പ്രേമചന്ദ്രനായിരിക്കും കേരളത്തിൽ ഒരു പക്ഷെ ഏറ്റവും ഭാഗ്യമുളള രാഷ്ട്രീയ നേതാവ്. കാരണം അദ്ദേഹത്തെ കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ പരാജയപ്പെടുത്തണമെന്ന് സിപിഎമ്മും ആഗ്രഹിക്കുന്നില്ല ബിജെപിയും ആഗ്രഹിക്കുന്നില്ല. പ്രേമചന്ദ്രനെതിരെയുള്ള അവരുടെ സ്ഥാനാർത്ഥികളെ കണ്ടാൽ അത് മനസ്സിലാകും. കോണ്ഗ്രസുകാരനാണെങ്കിലേ ആ പാര്ട്ടിക്കാര് പാര പണിതു തോല്‍പ്പിക്കൂ എന്നതുകൊണ്ട് അവിടെ നിന്നും ഭീഷണി ഇല്ല. അദ്ദേഹം ഭാഗ്യവാനാണ്.
നരേന്ദ്രമോദിയോടൊപ്പം ചായകുടിച്ചുവെന്ന വിവാദം ആദ്യം സിപിഎം ഉയര്‍ത്തിയപ്പോള്‍ ഇത്തവണ കൊല്ലം പിടിക്കാന്‍ തന്നെയാണ് അവരുടെ പടപ്പുറപ്പാട് എന്നാണ് കരുതിയത്. എന്നാല്‍ മുകേഷാണ് ഇടതു സ്ഥാനാര്ത്ഥിയെന്നറിഞ്ഞപ്പോള് അങ്ങനെ ഒരു ഉദ്ദേശമേ അവര്ക്കില്ലന്ന് വ്യക്തമായി. പ്രേമചന്ദ്രന്റെ പാര്‍ട്ടിയായ ആര്‍എസ്പി ഒരു കാലത്ത് നേതാക്കന്മാരാല് സമ്പന്നമായിരുന്നു. ബേബി സാര്‍ എന്ന സാക്ഷാൽ ബേബിജോണ്‍, ശ്രീകണ്ഠന് ചേട്ടന് എന്ന ശ്രീകണ്ഠന് നായര്‍, കൗമുദി ബാലണ്ണന് എന്ന കെ ബാലകൃഷ്ണന് , പങ്കണ്ണന് എന്നു വിളിക്കുന്ന കെ പങ്കജാക്ഷന് റ്റികെ എന്നറിയപ്പെട്ട റ്റികെ ദിവാകരന് അങ്ങിനെ കേരളത്തിലെ തലപ്പൊക്കമുള്ള നേതാക്കളിൽ പലരും ആ പാര്‍ട്ടിയിലായിരുന്നു. അത് കൊണ്ട് തന്നെ പാര്‍ട്ടിയെക്കാള്‍ വലിയ നേതാക്കള്‍ എന്നൊരു പറച്ചിലും അക്കാലത്തുണ്ടായിരുന്നു.
എന്നാലിപ്പോൾ ആർഎസ്പിയിൽ നേതാവ് എന്ന് വിളിക്കാന്‍ പ്രേമചന്ദ്രന് മാത്രമേയുള്ളുവെന്നതാണ് സത്യം. ഷിബു ബേബി ജോണാകട്ടെ കുറെ നാളായി പകുതി രാഷ്ട്രീയക്കാരനും പാതി ബിസിനസുകാരനുമാണ്. യുഡിഎഫിലുള്ള ആര്‍എസ്പിയുടെ സെക്രട്ടറി അദ്ദേഹമാണെന്നാണ് വയ്പ്. എല്‍ഡിഎഫിലും ഒരു ആര്‍എസ്പിയുണ്ട്. അതിന്റെ സെക്രട്ടറി കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ ആണത്രേ. ഒരു കാലത്ത് കമ്യൂണിസ്റ്റു പാര്‍ട്ടിയെ സധൈര്യം വെല്ലുവിളിക്കാന്‍ കെല്‍പ്പുണ്ടായിരുന്ന പാര്‍ട്ടിയാണ് ആര്‍എസ്പി. വിമോചന സമരകാലത്ത് തൊഴിലാളികള്‍ക്ക് നേരെ ഇഎംഎസിന്റെ പോലീസ് വെടിവച്ചപ്പോള്‍ മരിച്ചത് രണ്ട് ആര്എസ്പിക്കാരാണ്. അതാണ് വിവാദമായ ചന്ദനത്തോപ്പ് വെടിവെപ്പ്. അന്ന് തിരുവിതാംകൂര്‍ മേഖലയില്‍ അവിഭക്ത കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയെക്കാള് ശക്തമായിരുന്നു ആര്‍എസ്പിയുടെ യുടിയുസി.
എന്നാല്‍ അതെല്ലാം പഴംകഥയായി മാറി. ഇപ്പോള്‍ ആര്‍എസ്പിക്ക് സിപിഎമ്മിന്റെ കാരുണ്യത്തില്‍ ഒരു എംഎല്‍എയും കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഒരു എംപിയുമുണ്ട്. പ്രേമചന്ദ്രനെ അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വത്തിന് താല്പര്യവുമാണ്. ഇനി യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ പ്രേമചന്ദ്രന് മന്ത്രിയാകുമെന്ന് കരുതുന്നവരുമുണ്ട്. ലോക്സഭയില്‍ പ്രതിപക്ഷത്തിന്റെ മുഖമാണെങ്കിലും മോദിക്കും ബിജെപിക്കും വലിയ എതിര്‍പ്പും അദ്ദേഹത്തോടില്ല. കേരളത്തിലെ എംപിമാരില്‍ നന്നായി ഇംഗ്ളീഷ് സംസാരിക്കുന്ന മൂന്നുപേരില്‍ ഒരാളാണ് പ്രേമചന്ദ്രന്. (മറ്റു രണ്ട് പേര് ശശി തരൂരൂം ഹൈബി ഈഡനുമാണ്) പാര്‍ലമെന്റ് ചർച്ചകളിൽ മികച്ച പ്രകടനമാണ് പ്രേമചന്ദ്രന്റെ ഭാഗത്ത് നിന്നും ഉണ്ടാകാറുള്ളത്. മുത്തലാഖ് നിരോധനത്തിന്റെ സമയത്ത് സഭയിലെ അദ്ദേഹത്തിന്റെ പ്രസംഗം മുസ്ലീം സംഘടനകളുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
പിണറായി പരസ്യമായി പരനാറി എന്ന് വിളിച്ച പ്രേമചന്ദ്രനു എന്തുകൊണ്ട് സിപിഎം കടുത്ത മല്‍സരം നല്‍കിയില്ല എന്ന ചോദ്യം പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയര്‍ന്നിരുന്നു. പ്രേമചന്ദ്രനോട് ഏറ്റമുട്ടാന്‍ പറ്റിയ നേതാക്കള്‍ കൊല്ലത്ത് പാര്‍ട്ടിയിലില്ല എന്ന തുറന്ന സമ്മതിക്കലായില്ലേ മുകേഷിന്റെ സ്ഥാനാര്‍ത്ഥിത്വം എന്നതാണ് അവരുടെ വാദം. സത്യത്തില്‍ സിപിഎം മേഴ്സിക്കുട്ടിയമ്മയും ചിന്താ ജെറോമും സിഎസ് സുജാതയും അടക്കമുളളവരെ പ്രേമചന്ദ്രനെതിരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചിച്ചിരുന്നു എന്നതാണ് വാസ്തവം. എന്നാല്‍ രാവിലെ എട്ടരക്ക് തന്നെ അവരൊക്കെ തോല്‍ക്കും എന്നതായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇതോടെയാണ് മുകേഷിനെ തന്നെ കളത്തിൽ ഇറക്കാമെന്ന് പാര്‍ട്ടി നിശ്ചയിച്ചത്. മുകേഷ് തോറ്റാലും അത് പാര്‍ട്ടിയുടെ തലയിലിരിക്കില്ല. കാരണം അദ്ദേഹത്തിന് പാര്ട്ടിക്കാരന് എന്ന ഇമേജല്ല ഉള്ളത്. ഏതായാലും ഇത്തവണയെങ്കിലും കൊല്ലത്ത് തീപാറുന്ന മല്‍സരം പ്രതീക്ഷിച്ചവര്‍ക്ക് നിരാശരാകേണ്ടി വന്നു. അതുകൊണ്ട് പ്രേമചന്ദ്രനെ ഭാഗ്യവാനായ രാഷ്ട്രീയക്കാരന് എന്നു വിളിക്കുന്നതില്‍ തെറ്റില്ലന്ന് പറയാം.