തിരുവനന്തപുരം: സംസ്ഥാനത്തെ ധനപ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയം പരാജയപ്പെട്ടു. ചര്‍ച്ചയ്ക്ക് ഒടുവിൽ ഭൂരിപക്ഷ പിന്തുണയോടെ പ്രമേയം തള്ളി. സര്‍ക്കാരിന്റെ മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞ് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
വിഡി സതീശൻ ധനമന്ത്രിയെ പരാജയമെന്ന് കുറ്റപ്പെടുത്തിയപ്പോൾ കണക്കും രാഷ്ട്രീയവും പറഞ്ഞ് കേന്ദ്ര സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും ഒരേപോലെ വിമര്‍ശിച്ചാണ് മന്ത്രി തിരിച്ചടിച്ചത്. ഒന്നിനും പണം കൊടുക്കാനില്ലെന്ന പ്രതിപക്ഷത്തിന്റെ വാദം തെറ്റാണെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ മറുപടി പറഞ്ഞു. ട്രഷറിയില്‍ പൂച്ച പെറ്റ് കിടക്കുകയല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തോട് കേന്ദ്രത്തിന് ചിറ്റമ്മ നയമാണെന്ന് മന്ത്രിയും ആവർത്തിച്ചു.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പറഞ്ഞ കണക്കുകൾ തെറ്റാണെന്ന് മന്ത്രി എംബി രാജേഷും പ്രതികരിച്ചു. ലൈഫ് മിഷന് ഈ വര്‍ഷം വീടുണ്ടാക്കാൻ 16 കോടി മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചതെന്ന പ്രതിപക്ഷ നേതാവിന്റെ വാദം തെറ്റാണെന്നും 1600 കോടി രൂപ ചെലവാക്കിയിട്ടുണ്ടെന്നും മന്ത്രി എംബി രാജേഷ് വ്യക്തമാക്കി. 2 മണിക്കൂറും 35 മിനിറ്റുമാണ് അടിയന്തിര പ്രമേയം നീണ്ടത്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന സര്‍ക്കാരാണെന്നായിരുന്നു പ്രതിപക്ഷത്ത് നിന്നുള്ള അഞ്ച് നേതാക്കൾ കുറ്റപ്പെടുത്തിയത്.