തിരുവനന്തപുരം: നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കും. ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയാണു നാളെ മുതല്‍ 15 വരെ നടക്കുക.നാളെ വന്യജീവി ആക്രമണം അടിയന്തര പ്രമേയമായി അവതരിപ്പിച്ചേക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സഭ 15നു പിരിയുന്നത്.
4 മാസത്തെ ചെലവുകള്‍ക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കിയാകും സഭ പിരിയുക. സമ്പൂര്‍ണ ബജറ്റ് അടുത്ത സാമ്പത്തിക വര്‍ഷമാകും പാസാക്കുക. ഭക്ഷ്യം, റവന്യു, മൃഗസംരക്ഷണം എന്നി വകുപ്പുകളെ ബജറ്റില്‍ തഴഞ്ഞതിനാല്‍ സിപിഐയുടെ ഭാഗത്തുനിന്നു സഭയില്‍ പ്രതിഷേധ സ്വരം ഉയരാന്‍ സാധ്യതയുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസ് തുടരുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര നാളെയുണ്ട്. അതിനാല്‍, യാത്ര നയിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന് കോഴിക്കോട്ടു നിന്നു വിമാനത്തില്‍ തിരുവനന്തപുരത്തെത്തി അടിയന്തര പ്രമേയ നോട്ടീസ് അവതരണം കഴിഞ്ഞു തിരികെ മടങ്ങാനാണ് ആലോചിക്കുന്നത്.