തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസില്‍ തുടരന്വേഷണം നടത്തണമെന്ന പൊലീസ് ആവശ്യത്തിന് ഉപാധികളോടെ കോടതി അനുമതി. തിരുവനന്തപുരം സിജെഎം കോടതിയാണ് ഉപാധികളോടെ അനുമതി നല്‍കിയത്.
അന്വേഷണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. ഓരോ മൂന്നാഴ്ച കൂടുമ്പോള്‍ പൊലീസുദ്യോഗസ്ഥന് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം എന്നിവയാണ് പ്രധാന ഉപാധികൾ.നിയമസഭാ കൈയാങ്കളിക്കേസില്‍ പുതിയ ചില പരാതികള്‍ എത്തിയതിനാലാണ് തുടരന്വേഷണം എന്നാണ് പൊലീസ് പറയുന്നത്. പ്രോസിക്യൂഷന്റേയും പൊലീസിന്റേയും ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
നിയമസഭാ കൈയാങ്കളിക്കേസുമായി ബന്ധപ്പെട്ട് മുന്‍ എംഎല്‍എമാരായ ജമീല പ്രകാശും കെ. കെ. ലതികയും അന്നത്തെ ഭരണകക്ഷി എംഎല്‍എമാരില്‍ ചിലര്‍ക്കെതിരേ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. ആവശ്യം അന്ന് കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. ആ ഹര്‍ജികള്‍ സിജെഎം കോടതി വിളിച്ചുവരുത്തണമെന്ന് നിലവില്‍ ഇവര്‍ കോടതിയോട് അപേക്ഷിച്ചു. തുടരന്വേഷണത്തിന്റെ രണ്ടുമാസത്തിനുശേഷം അക്കാര്യങ്ങളില്‍ തീരുമാനമെടുക്കാമെന്നാണ് സിജെഎം കോടതി മറുപടി നല്‍കിയത്.