പട്ന : ബിഹാറില്‍ നിലവിലെ സര്‍ക്കാരിന്റെ ഭരണം അവസാനിപ്പിച്ചതായി രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയശേഷം മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. എല്ലാവരുടേയും അഭിപ്രായം മാനിച്ചാണ് തീരുമാനമെടുത്തത്. സാഹചര്യങ്ങള്‍ ശരിയായ ദിശയിലല്ല. അതിനാലാണ് രാജിവെച്ചത്. സംസ്ഥാനത്ത് പുതിയ സഖ്യം വരുമെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ സഖ്യം പ്രതീക്ഷ കാത്തില്ല. ഒരുമിച്ച് പ്രവര്‍ത്തിച്ചില്ല. പ്രതിപക്ഷ പാര്‍ട്ടികളെ യോജിപ്പിച്ച് ഇന്ത്യ മുന്നണി രൂപീകരിച്ചെങ്കിലും, മുന്നണി പ്രാവര്‍ത്തികമാക്കാന്‍ ആരും ഒന്നും ചെയ്യുന്നില്ലെന്നും നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി. ഇതു നാലാം തവണയാണ് നിതീഷ് കുമാര്‍ രാഷ്ട്രീയ ചേരി മാറുന്നത്.
അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രാവിലെ ജെഡിയു പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷമാണ് നിതീഷ് കുമാര്‍ രാജ്ഭവനിലെത്തി സര്‍ക്കാരിന്റെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയത്. രാജി സ്വീകരിച്ച ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതു വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടു.
243 അംഗങ്ങളുള്ള ബിഹാര്‍ നിയമസഭയില്‍ 79 എംഎല്‍എമാരുള്ള ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപിക്ക് 78 എംഎല്‍എമാരുണ്ട്. ജെഡിയു 45, കോണ്‍ഗ്രസ് 19, സിപിഐ9 എംഎല്) 12, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച (സെക്കുലര്‍)4, സിപിഐ 2, സിപിഎം2, എഐഎംഐഎം ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഒരു സീറ്റില്‍ സ്വതന്ത്രനാണ്. കേവല ഭൂരിപക്ഷത്തിന് 122 സീറ്റാണ് വേണ്ടത്.