പറ്റ്ന: ഇന്ത്യാ സഖ്യത്തിൽ നിന്ന് പുറത്തുപോയ നിതീഷ് കുമാർ ഇന്ന് ബിഹാർ നിയമസഭയിൽ വിശ്വാസ വോട്ട് തേടും. ചാക്കിട്ടുപിടിത്തം ഭയന്ന് കോൺഗ്രസും ബിജെപിയും തങ്ങളുടെ എംഎൽഎമാരെ സംസ്ഥാനത്തുനിന്ന് മാറ്റിയിരിക്കുകയാണ്.
രാഷ്ട്രീയ അട്ടിമറികളുണ്ടാകുമെന്നുള്ള അഭ്യൂഹങ്ങളും സജീവമാണ്. മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ നേതൃത്വത്തിൽ ചടുലമായ നീക്കങ്ങളും നടക്കുന്നുണ്ട്. തേജസ്വിയുടെ വീട്ടില്‍ ആര്‍ജെഡിയുടെയും സിപിഐഎംഎല്ലിന്റെയും എംഎല്‍എമാര്‍ യോഗം ചേര്‍ന്നു.അതേസമയം ജെഡിയുവിന് തങ്ങളുടെ അഞ്ച് എംഎല്‍എമാരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാൻ ജെഡിയു എംഎല്‍എമാർക്ക് വിപ്പ് നല്‍കിയെന്നും വിപ്പ് ലംഘിക്കുന്നവരുടെ അംഗത്വം നഷ്ടമാകുമെന്ന് പാര്‍ട്ടി ചീഫ് വിപ്പ് ശര്‍വണ്‍ കുമാര്‍ പറഞ്ഞു.
എൻഡിഎ സഖ്യകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) നേതാവ് ജിതൻ റാം മാഞ്ചിക്ക് ആർജെഡി മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. 243 അംഗ നിയമസഭയിൽ നിലവിൽ എൻഡിഎയ്ക്ക് 128, മഹാസഖ്യത്തിന് 114 അംഗങ്ങളുമുണ്ട്. അതിനിടെവിശ്വാസവോട്ടെടുപ്പ് ച നടക്കാനിരിക്കെ മുൻ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവിന്റെ വസതിയിൽ പൊലീസ് പരിശോധന നടത്തി . ഞായറാഴ്ച രാത്രിയാണ് ആർജെഡി നേതാവിന്റെ വീട്ടിൽ പൊലീസെത്തിയതായി റിപ്പോർട്ട്.
ആർജെഡി എംഎൽഎ ചേതൻ ആനന്ദിന്റെ പരാതിയിലാണ് പൊലീസ് എത്തിയതായി വിവരം. വിശ്വാസവോട്ടെടുപ്പ് കണക്കിലെടുത്ത് തന്നെ തേജസ്വി യാദവ് വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കയാണ് എന്നാണ് പാട്ന പൊ ലീസിന് ലഭിച്ച പരാതി.തുടർന്ന് പൊ ലീസ് പരിശോധനയ്ക്കെത്തിയപ്പോൾ പരാതിക്കാരനായ എംഎൽഎ സ്ഥലത്തുണ്ടായിരുന്നു. താൻ സ്വന്തം ഇഷ്ടപ്രകാരമാണ് അവിടെ എത്തിയത് എന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ വിശ്വസവോട്ടെടുപ്പിൽ പരാജയപ്പെടും എന്നായപ്പോൾ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പൊ ലീസിനെ അയച്ചതെന്ന് സമൂഹമാധ്യമത്തിലൂടെ ആർജെഡി ആരോപിച്ചു. പേടിച്ച് തല കുനിക്കുന്നവരല്ല തങ്ങളെന്നും ആർജെഡി വ്യക്തമാക്കി.