ന്യൂഡൽഹി: ജെഡിയു അധ്യക്ഷനായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തു. ലാലൻ സിങ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെയാണ് നിതീഷിനെ തെരഞ്ഞെടുത്തത്.ഡൽഹിയിൽ ചേർന്ന ദേശീയ എക്സിക്യൂട്ടിവ് യോഗത്തിലാണ് ഐക്യകണ്ഠേന തീരുമാനമെടുത്തത്. അധ്യക്ഷനെ ചൊല്ലി പാർട്ടിയിൽ ഭിന്നതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, യോഗശേഷം ഇക്കാര്യം ലാലൻ സിങ് നിഷേധിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കൂടുതൽ സമയം വേണമെന്ന് നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് താൻ സ്ഥാനം രാജിവെച്ചതെന്ന് ലാലൻ സിങ് വ്യക്തമാക്കി. ബിഹാറിലെ മുൻഗറിൽ നിന്നുള്ള എംപിയാണ് ഇദ്ദേഹം.ബിഹാറിൽ ജെഡിയുവിന്റെ സഖ്യകക്ഷിയായ ലാലു പ്രസാദ് യാദവിന്റെ ആർജെഡിയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ലാലൻ സിങ്ങിനെതിരെ ഉയർന്നിരുന്നു. ഇതാണ് സ്ഥാനചലനത്തിന് കാരണമെന്നും റിപ്പോർട്ടുണ്ട്.ജെഡിയു ഉടൻ ആർജെഡിയിൽ ലയിക്കുമെന്ന് ലാലു പ്രസാദ് യാദവ് തന്നോട് പറഞ്ഞതായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ് അവകാശവാദം ഉന്നയിച്ചിരുന്നു. ഇതും ജെഡിയുവിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചു.
എന്നാൽ, സംസ്ഥാനത്തെ ജെഡിയു-ആർജെഡി സഖ്യത്തെ അസ്ഥിരപ്പെടുത്താൻ ബി.ജെ.പി കെട്ടുകഥകൾ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച ആർജെഡി നേതാവ് തേജസ്വി യാദവ് ഈ വാദം തള്ളിക്കളഞ്ഞിരുന്നു. അതേസമയം, ഇൻഡ്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി നിതീഷ് കുമാറും രംഗത്ത് വരുമെന്ന് റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് അദ്ദേഹം പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. ജാതി സെൻസസ് രാജ്യവ്യാപകമായി നടത്തണമെന്നാവശ്യപ്പെട്ട് ജെഡിയു എക്സിക്യൂട്ടീവ് യോഗത്തിൽ രാഷ്ട്രീയ പ്രമേയം പാസാക്കി. എംപിമാരുടെ സസ്പെൻഷനെയും പ്രമേയം അപലപിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇൻഡ്യ മുന്നണിയെ ശക്തിപ്പെടുത്തുമെന്നും പ്രമേയത്തിലുണ്ട്.