വമ്പൻ പദ്ധതി പ്രഖ്യാപനങ്ങൾ ബിജെപിയുടെ തെരഞ്ഞെടുപ്പ് പത്രികയിലേക്ക് മാറ്റിവെച്ചുകൊണ്ടാണ് നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. ഇടക്കാല ബജറ്റിൽ നയപരമായ പ്രഖ്യാപനങ്ങൾ സാധ്യമല്ല എന്ന സാങ്കേതികതയിൽ തൂങ്ങിക്കൊണ്ട് വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള അടിസ്ഥാന പ്രശ്നങ്ങളെ പോലും അഭിമുഖീകരിക്കാൻ കേന്ദ്രം ശ്രമിച്ചില്ല എന്നതാണ് വസ്തുത. കാർഷിക മേഖലയെ സ്വകാര്യവൽക്കരിക്കുമെന്ന ദൂരവ്യാപക പ്രത്യാഘാതമുള്ള നയവും കേന്ദ്രം പ്രഖ്യാപിച്ചു.
കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളും അടുത്ത അഞ്ച് വർഷത്തേക്കുള്ള പ്രഖ്യാപനങ്ങളും മാത്രം നടത്തി രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ഇടക്കാല ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ. പ്രോഗ്രസ് കാർഡും പ്രകടനപത്രികയുമായിരുന്നു ബജറ്റിന്റെ ഉള്ളടക്കം. 57 മിനിറ്റ് മാത്രം നീണ്ടുനിന്ന ബജറ്റ് പ്രസംഗത്തിൽ അധികസമയവും സർക്കാരിന്റെ നേട്ടങ്ങൾ എടുത്തു പറയാനാണ് ധനമന്ത്രി ശ്രദ്ധിച്ചത്. വലിയ പ്രഖ്യാപനങ്ങൾ ഇല്ലാതെയായിരുന്നു ധനമന്ത്രിയുടെ ആറാമത്തെ ബജറ്റ് അവതരണം. 2024ലും എൻഡിഎ സർക്കാർ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും നിർമല ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പലിശ നിരക്ക് ഉയർത്തിയില്ല എന്നത് മാത്രമാണ് ഇടത്തരക്കാർക്ക് ആശ്വാസമായത്. സാധാരണക്കാർക്ക് ഗുണമുള്ള ഒരു പ്രഖ്യാപനവും ബജറ്റിൽ ഉൾപ്പെടുത്തിയില്ല. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ തുക 6000-ത്തിൽ നിന്നു 9,000 ആയി വർധിപ്പിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായില്ല. കിസാൻ സമ്മാൻ നിധിയിൽ 13 ശതമാനം മാത്രമായുള്ള സ്ത്രീ കർഷകരുടെ തുക പോലും വർധിപ്പിക്കാൻ കേന്ദ്രം തയ്യാറായില്ല.
കാർഷിക മേഖല പൂർണമായും സ്വകാര്യവൽക്കരിക്കും എന്ന പ്രഖ്യാപനം വിള സംഭരണം , താങ്ങുവില തുടങ്ങി കർഷകർക്കുള്ള ആശ്വാസ പദ്ധതികളെ ബാധിക്കുന്ന തരത്തിൽ ആകുമോ എന്നതിൽ വ്യക്തയില്ലാത്തത് കർഷകർക്ക് ആശങ്ക വർധിപ്പിക്കും. കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ഉയര്‍ത്തുമെന്നായിരുന്നു മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്ന വലിയ പ്രഖ്യാപനം. പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞ ഈ കാര്യം ധനമന്ത്രിയുടെ കണക്കുപുസ്തകത്തിൽ ഇടംപിടിച്ചില്ല. ഗ്രാമീണ മേഖലയിലെ വിലക്കയറ്റം തടഞ്ഞു നിർത്താനുള്ള ഭാവനാപൂർണമായ നീക്കങ്ങളും നിർമലക്ക് മുന്നോട്ടുവെക്കാനായില്ല.
ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ഇന്ധന വില കുറയ്ക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ബജറ്റിൽ അതുമുണ്ടായില്ല. ഇന്ധന വിലയുടെ അന്താരാഷ്ട്ര നിലവാരത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ നോക്കുമ്പോൾ പത്തുരൂപവരെ വിലകുറയ്ക്കാനുള്ള സാഹചര്യം നിലവിൽ ഉണ്ട്. ഈ കണക്കുകൾ എണ്ണക്കമ്പനികളും ശരിവെക്കുന്നതാണ്. എന്നിട്ടും വിലക്കയറ്റം പിടിച്ചു നിർത്താനെങ്കിലും അത്തരമൊരു സമീപനം സർക്കാർ എടുത്തതേയില്ല. അതിനിടെ ഇന്ന് രാവിലെ എണ്ണക്കമ്പനികൾ വാണിജ്യ സിലിണ്ടറുകൾക്ക് 15 രൂപ വർധിപ്പിക്കുക കൂടി ചെയ്തു.
ആദായനികുതിയിൽ സെക്ഷൻ 80 സി, സെക്ഷൻ 80 ഡി തുടങ്ങി വിഭാഗങ്ങൾക്ക് കീഴിൽ നികുതി ഇളവ് പരിധികളിൽ വർദ്ധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. 2023ലെ ബജറ്റിൽ നിരവധി മാറ്റങ്ങൾ ആദായ നികുതി രംഗത്ത് കൊണ്ടുവന്നിരുന്നു. ഇത്തവണത്തെ ബജറ്റിൽ അടിസ്ഥാന ഇളവ് പരിധിയിൽ (Basix Exemption Limit)അര ലക്ഷം രൂപയുടെയെങ്കിലും വര്‍ദ്ധനവ് കൊണ്ടുവരുമെന്നാണ് പ്രതീക്ഷ ഉയർന്നത്. മാറ്റം വരുത്താൻ സർക്കാർ തുനിഞ്ഞിട്ടില്ല.
ഇന്ത്യയുടെ ചരിത്രത്തില്‍ ടെക്നോളജിക്ക് ഏറ്റവുമധികം പ്രാധാന്യം ലഭിച്ച ബജറ്റായിരിക്കും ധനമന്ത്രി നിര്‍മ്മലാ സീതാരാമന് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത് എന്ന പ്രതീതിയായിരുന്നു ബജറ്റിന് മുൻപുണ്ടായിരുന്നത്. ഇടക്കാല ബജറ്റില്‍ ഡിജിറ്റല്‍ ട്രാന്സ്ഫര്മേഷന്, നിര്‍മ്മിത ബുദ്ധി (എഐ) എന്നിവയ്ക്കാണ് ഊന്നല്‍ നല്‍കുമെന്നായിരുന്നു പല റിപ്പോര്‍ട്ടുകളും പ്രവചിച്ചിരുന്നത്. ഡിജിറ്റൽ പരിസ്ഥിതിയുടെ വളര്‍ച്ചയ്ക്ക് വഴിവയ്ക്കുന്ന നീക്കങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും അതോടൊപ്പം എഐ വികസിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം പ്രോത്സാഹനങ്ങള്‍ ബജറ്റില്‍ നല്‍കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്. എന്നാൽ അത്തരത്തിൽ അധികം പദ്ധതി പ്രഖ്യാപനങ്ങളുണ്ടായില്ല.