കോഴിക്കോട്: രണ്ട് പേര് പനി ബാധിച്ച് മരിച്ച സംഭവം നിപ മൂലമാണെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി വീണാ ജോർജ് കോഴിക്കോട്ടെത്തി. രാവിലെ 10.30ന് ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗം ചേരും. വിഷയത്തിൽ അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
ആശുപത്രികളില്‍ ഐസൊലേഷന്‍ സംവിധാനങ്ങള്‍ ഒരുക്കും. മരിച്ചവരുമായും രോഗലക്ഷണങ്ങള്‍ ഉള്ളവരുമായും നേരിട്ട് സമ്പര്‍ക്കമുള്ളവരുടെ പട്ടിക തയാറാക്കാനും നിര്‍ദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു.മരിച്ചവരിൽ ഒരാളുടെ ഒന്‍പതും നാലും വയസുള്ള കുട്ടികളുടെ നില ഗുരുതരമാണ്. ഇതില്‍ ഒന്‍പത് വയസുകാരന് വെന്റിലേറ്ററിലാണ്. മരിച്ചയാളുടെ സഹോദരന്റെ പത്ത് മാസം പ്രായമുള്ള കുട്ടിക്കും രോഗലക്ഷണങ്ങള്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.
പുനെയില്നിന്നുള്ള നിപ പരിശോധനാ ഫലം വൈകുന്നേരത്തോടെ ലഭിക്കും. ഫലം പോസീറ്റീവ് ആണെങ്കില്‍ സംസ്ഥാനത്ത് നിലവിലുള്ള നിപ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കും.ആദ്യത്തെ ആൾ മരിച്ചപ്പോൾ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. കോഴിക്കോട് ജില്ലയിലെ ആരോഗ്യസംവിധാനങ്ങളോട് ഒരുങ്ങിയിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.മുമ്പ് അസ്വാഭാവികമായ പനിമരണം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.