കോഴിക്കോട്: നിപ സംശയത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ കണ്ട്രോള് റൂം തുറക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. നിലവില്‍ നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നാല് പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ ഒന്‍പത് വയസുകാരന് വെന്റിലേറ്ററില്‍ ആണ്. എന്നാല്‍ ഈ കുട്ടിയുടെ വൈറ്റല്‍ സൈന്‍സ് (ഹൃദയത്തുടിപ്പും, രക്തസമ്മര്‍ദവും, ഊഷ്മാവും, ശ്വസനവും) സാധാരണഗതിയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി മന്ത്രി പറഞ്ഞു.
ആദ്യം മരിച്ച മരുതോങ്കര സ്വദേശിയുടെ ഭാര്യയും നിരീക്ഷണത്തിലാണ്. എന്നാല്‍ ഇവര്‍ക്ക് പനിയോ മറ്റ് ലക്ഷണങ്ങളോ നിലവില്‍ ഇല്ല. നിപ ലക്ഷണങ്ങളുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തിയവരെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു. നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ 75 പേരാണ് ഉള്ളത്. മരിച്ചയാളുടെ വീടിന്റെ അടുത്തുള്ള 90വീടുകള്‍ നിരീക്ഷിച്ചിട്ടുണ്ടെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ആശുപത്രികളിലെ അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
രോഗികള്‍ക്ക് കൂട്ടിരിപ്പിനായി ഒരാളെ മാത്രമെ അനുവദിക്കൂ. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കും. രോഗലക്ഷണങ്ങളുള്ളവരെ ചികിത്സിക്കാന്‍ പിപിഇ കിറ്റ് ധരിക്കണം. നിലവില്‍ നിപ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജാഗ്രത മുന്‍കരുതല്‍ എന്ന നിലയില്‍ നിപ നിയന്ത്രണങ്ങള്‍ക്കായി 16 സംഘങ്ങള്‍ രൂപീകരിച്ചു. നിരീക്ഷണം, സാംപിൾ പരിശോധന, സമ്പർക്കം കണ്ടെത്തൽ തുടങ്ങി വിവിധ ചുമതലകൾ ഓരോ ടീമിനും നിശ്ചയിച്ചുനൽകി.
നിപ ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടത് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ്. പരിശോധനാ ഫലം വൈകുന്നേരത്തോടെ ലഭിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉച്ചയ്ക്ക് 2.30ന് പ്രത്യേക യോഗം ചേരും. മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാകും യോഗം.