കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ രണ്ടുപേർ മരണപ്പെട്ടതിനു പിന്നാലെ മരിച്ച മരിച്ച ഒരാളുടെ നാല് ബന്ധുക്കൾ സമാന ലക്ഷണങ്ങളോടെ ആശുപത്രിയിൽ. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇവർ. പ്രാദേശിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതായാണ് വിവരം.
ആദ്യം മരിച്ച രോഗിയുടെ ശരീര സ്രവങ്ങൾ പരിശോധനയ്ക്ക് അയക്കാൻ കഴിഞ്ഞിട്ടില്ല. സംശയം ഉടലെടുത്തതിനാൽ രണ്ടാമത് മരിച്ച രോഗിയുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയ്ക്ക് ലഭിക്കും. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലാണ് രണ്ട് പേർ മരിച്ചത്. ഓഗസ്റ്റ് 30നാണ് ആദ്യ മരണമുണ്ടായത്. വടകര താലൂക്കിലെ മരുതോങ്കര സ്വദേശിയായ 49കാരനാണ് ആദ്യം നിപ ലക്ഷണങ്ങളോടെ മരണപ്പെട്ടത്.
ഇന്നലെയാണ് വടകര തെരുവള്ളൂർ സ്വദേശിയായ രണ്ടാമത്തെയാൾ നിപ ലക്ഷണങ്ങളോടെ മരിച്ചത്. ഇവർ രണ്ടുപേരും ഒരേ ആശുപത്രിയിൽ ഒരേ സമയത്ത് ഉണ്ടായിരുന്നതായാണ് വിവരം. ആദ്യം മരിച്ച രോഗി ചികിത്സയിൽ തുടരവേ ആശുപത്രിയിൽ പ്രവേശിപ്പിച്ച വ്യക്തിയാണ് പിന്നീട് അസുഖം മൂർച്ഛിച്ച് മരിച്ചത് എന്നാണ് വിവരം. ഇയാളുടെ മകൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കുട്ടിയുടെ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധനയ്ക്ക് വിധേയമാക്കി. ഒൻപത് വയസുള്ള കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സാഹചര്യം വിലയിരുത്താനായി ഇന്നലെ ഉന്നതതല യോഗം ചേർന്നു. മരിച്ചയാളുകളുമായി സമ്പർക്കത്തിലായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്തതോടെ ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഇന്ന് ജില്ലാ കളക്ടർ അവലോകന യോഗം വിളിച്ചിരിക്കുകയാണ്.