തിരുവനന്തപുരം: നിപ വൈറസ് സംശയത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ ഒരാളെ നിരീക്ഷണത്തിലാക്കി. സംശയകരമായ ലക്ഷണങ്ങളോടെ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ തിരുവനന്തപുരം ഡെന്റൽ കോളേജ് വിദ്യാർഥിയെയാണ് നിരീക്ഷണത്തിലാക്കിയത്.
പനി ബാധിച്ച് ചികിത്സ തേടിയെത്തിയ വിദ്യാർഥിക്ക് സംശയകരമായ ലക്ഷണങ്ങൾ കണ്ടതോടെ പ്രത്യേകം സജ്ജീകരിച്ച മുറിയിൽ നിരീക്ഷണത്തിലാക്കി. കടുത്ത പനിയെത്തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇയാൾ ആശുപത്രിയിലെത്തിയത്. വവ്വാൽ കടിച്ച പഴങ്ങൾ ഭക്ഷിച്ചതായി സംശയിക്കുന്നുവെന്ന് വിദ്യാർഥി പറഞ്ഞതോടെയാണ് പ്രത്യേക വാർഡിലേക്കു മാറ്റിയത്.ശരീരസ്രവങ്ങൾ കൂടുതൽ പരിശോധനയ്ക്കായി പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാഫലം എത്തിയതിനു ശേഷമേ വ്യക്തത വരൂ.