മലപ്പുറം: നിപ രോഗലക്ഷണങ്ങളുള്ള പത്തുപേരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. കോഴിക്കോട്ടെ ലാബിലാണു പരിശോധന നടക്കുന്നത്. അതേസമയം, വണ്ടൂരിൽ മരിച്ച 24കാരന്റെ സമ്പർക്കപ്പട്ടിക തയാറാക്കിവരികയാണ്. ചെറിയ രീതിയിൽ രോഗലക്ഷണങ്ങളുള്ളവരുടെ സാംപിളാണ് മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് എടുത്തത്.
അതേസമയം, ബെംഗളൂരുവിൽനിന്ന് എത്തിയശേഷം യുവാവ് എവിടെയെല്ലാം പോയെന്ന വിവരങ്ങൾ ശേഖരിക്കുകയാണ്. മൊബൈൽ ടവർ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. തിരുവാലി പഞ്ചായത്തിൽ പനിയുമായി ബന്ധപ്പെട്ട സർവേ പുരോഗമിക്കുകയാണ്. ഇന്നു വൈകീട്ട് സർവേഫലം ലഭിക്കുമെന്ന് ഡിഎംഒ അറിയിച്ചു. നിപ നിയന്ത്രണത്തിന്റെ ഭാഗമായി കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിക്കപ്പെട്ട വാർഡുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകൾ കൂട്ടംകൂടി നിൽക്കാൻ പാടില്ല. വ്യാപാരസ്ഥാപനങ്ങൾ രാവിലെ പത്തു മുതൽ വൈകീട്ട് ഏഴുവരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. മെഡിക്കൽ സ്റ്റോറുകൾക്ക് നിയന്ത്രണം ബാധകമല്ല. സിനിമാ തിയറ്ററുകൾ പ്രവർത്തിക്കുന്നതു വിലക്കിയിട്ടുണ്ട്. അങ്കണവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.
തിരുവാലി പഞ്ചായത്തിലെ നാല്, അഞ്ച്, ആറ്, ഏഴ് വാർഡുകളും മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡുമാണ് കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചത്. അതേസമയം നിപ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ മലപ്പുറത്ത് കണ്ട്രോള് റൂം തുറന്നു. 0483 2732010, 0483 2732060 എന്നീ നമ്പറുകളിൽ വിളിച്ചാൽ നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.