മലപ്പുറം : സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച യുവാവിന് നിപ സ്ഥിരീകരിച്ചതോടെ മലപ്പുറം ജില്ലയിലെ രണ്ടു പഞ്ചായത്തുകളിലായി അഞ്ച് വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ 5 വാർഡുകളിലാണ് നിയന്ത്രണം. തിരുവാലിയിലെ 4, 5, 6, 7 വാർഡുകളും മമ്പാട് ഏഴാം വാർഡുമാണ് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ തിങ്കളാഴ്ച നടത്താനിരുന്ന നബിദിന റാലി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാനും കലക്ടർ നിർദേശം നൽകി.
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച 24 വയസ്സുകാരനാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ മാസം 9നാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ യുവാവ് മരിച്ചത്. മരിച്ച യുവാവ് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
തുടർന്ന് മെഡിക്കൽ ഓഫിസർ നടത്തിയ ഡെത്ത് ഇൻവെസ്റ്റിഗേഷനിലാണ് നിപ വൈറസ് എന്ന സംശയം ഉണ്ടായത്. ഉടൻ തന്നെ ജില്ലാ മെഡിക്കൽ ഓഫിസർ വഴി ലഭ്യമായ സാംപിളുകൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അയക്കുകയും പരിശോധനാ ഫലം പോസിറ്റീവായതോടെ തുടർനടപടികൾ സ്വീകരിക്കുകയുമായിരുന്നു.
ബംഗലുരുവിൽ വിദ്യാർഥിയായ യുവാവാണ് മരിച്ചത്. ഇതുവരെ 151 പേരുടെ പ്രാഥമിക സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. പനി ബാധിച്ചതിനെ തുടർന്ന് മലപ്പുറത്തെ നാല് സ്വകാര്യ ആശുപത്രികളിൽ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കൾക്കൊപ്പം ചില സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങൾ ശേഖരിച്ച് നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.