കൊച്ചി : കാറിലിരിക്കുകയായിരുന്ന ഒന്‍പത് വയസുകാരിയെ തോക്ക് ചൂണ്ടിയും കത്തി കാണിച്ചും ഭയപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിഴക്കമ്പലം താമരച്ചാല്‍ ബൈപ്പാസിലെ വയലോരം ഭാഗത്ത് അച്ഛനോടൊപ്പം എത്തിയതാണ് കുട്ടി. കുട്ടിയെ കാറിലിരുത്തി അച്ഛന് കടയിലേക്ക് പോയ നേരത്താണ് ബൈക്കില്‍ യുവാവ് എത്തിയത്. ഇയാള്‍ മാസ്കും ഹെല്‍മറ്റും ധരിച്ചിരുന്നു.
ഇയാള്‍ തോക്ക് ചൂണ്ടി കാറില്‍ നിന്നിറങ്ങി വരാന്‍ ആവശ്യപ്പെട്ടെങ്കിലും കുട്ടി തയ്യാറായില്ല. തുടര്‍ന്ന് ഇയാള്‍ കത്തി കാണിച്ച് ഭയപ്പെടുത്തി ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞു. അച്ഛന് കടയില്‍ നിന്നെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഭയന്നുവിറച്ച കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് അന്വേഷണം നടത്തി യുവാവിനെ തടിയിട്ടപറമ്പ് പൊലീസ് പിടികൂടി. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. യുവാവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.