മലപ്പുറം : നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡിഎംകെ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്ത കേസില്‍ പി വി അന്‍വര്‍ എംഎല്‍എയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് പി വി അന്‍വറിനെ കൊണ്ടുപോയത്. ജാമ്യഹര്‍ജിയുമായി ഇന്ന് തന്നെ കോടതിയെ സമീപിക്കാനാണ് അന്‍വറിന്റെ തീരുമാനം.
തവനൂര്‍ ജയിലിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി അന്‍വറിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ടാം തവണയും വൈദ്യപരിശോധന നടത്തി. നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത കേസില്‍ അന്‍വര്‍ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ചുമത്തിയ കേസില്‍ അന്‍വര്‍ അടക്കം 11 പ്രതികളാണുളളത്. കൃത്യനിര്‍വഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കം വകുപ്പുകളാണ് ചുമത്തിയത്. ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചാണ് വനംവകുപ്പ് ഓഫീസ് ആക്രമിക്കുന്ന തരത്തിലേക്ക് അക്രമാസക്തമായത്.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ അറസ്റ്റെന്നായിരുന്നു വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത് പുറത്തിറക്കുന്നതിന് മുമ്പ് മാധ്യമങ്ങളോട് അന്‍വര്‍ നടത്തിയ പ്രതികരണം. എംഎല്‍എ ആയതിനാല്‍ മാത്രം നിയമത്തിന് കീഴടങ്ങുകയാണെന്ന് അന്‍വര്‍ പ്രതികരിച്ചു. അറസ്റ്റുമായി സഹകരിക്കും. നിയമം അനുസരിക്കുന്നയാളുടെ ഉത്തരവാദിത്തമാണിത്. മോദിയേക്കാള്‍ വലിയ ഭരണകൂട ഭീകര പിണറായി നടപ്പാക്കുകയാണെന്നും അന്‍വര്‍ ആരോപിച്ചു
ഇന്നലെ രാവിലെ 11.45ഓടെ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിലുള്ള ഡിഎംകെയുടെ പ്രതിഷേധത്തോടെയായിരുന്നു എല്ലാത്തിന്റെയും തുടക്കം. അന്‍വറിന്റെ പ്രസംഗത്തിന് പിന്നാലെ മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുപൊളിച്ചു. വൈകീട്ട് നാല് മണിയോടെയാണ് സംഭവത്തില്‍ നിലമ്പൂര്‍ പൊലീസ് നടപടി ആരംഭിച്ചത്. ആറ് മണിയോടെ അന്‍വര്‍ ഒന്നാം പ്രതിയായി 11 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
വൈകീട്ട് 7 മണിയോടെ അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങി. ഒതായിയിലെ വീടിന് മുന്നില്‍ പൊലീസ് സന്നാഹമെത്തി. രാത്രി എട്ടിന് നിലമ്പൂര്‍ ഡിവൈഎസ്പി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അന്‍വറിന്റെ വീട്ടിലേക്കെത്തി. വീടിന് പുറത്ത് അന്‍വറിന്റെ അനുയായികളും തടിച്ചുകൂടി. എട്ടരയോടെ പൊലീസ് വീടിന് അകത്തേക്ക് പ്രവേശിച്ചു. രാത്രി 9.40ഓടെ അറസ്റ്റിന് വഴങ്ങുമെന്ന് അന്‍വര്‍ പ്രഖ്യാപിച്ചു. പിന്നാലെ വാറന്റില്‍ ഒപ്പുവെച്ചു.
10.15ന് അന്‍വറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലും പുറത്തും വന്‍ പോലീസ് സന്നാഹമുണ്ടായിരുന്നു. രാത്രി 10.40ന് വൈദ്യപരിശോധന പൂര്‍ത്തിയാക്കി മജിസ്ട്രേറ്റിന്റെ വസതിയിലേക്കെത്തിച്ചു. പിന്നാലെ കോടതി എംഎല്‍എയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നേരത്തെ അറസ്റ്റിലായ 4 പ്രവര്‍ത്തകരും അന്‍വറിനൊപ്പമുണ്ട്. 1.50ന് കുറ്റിപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷം 2.15 ന് അന്‍വറിനെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.