മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം യുഡിഎഫിന് കീറാമുട്ടിയാകുന്നു. മുന്‍മന്ത്രി ആര്യാടന് മുഹമ്മദിന്റെ മകനും കെപിസിസി സെക്രട്ടറിയുമായ ആര്യാടന് ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുണ്ടായിട്ടുള്ള ധാരണ. അന്തിമ തീരുമാനം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനാണ് പ്രഖ്യാപിക്കേണ്ടത്. അതേസമയം ആര്യാടന് ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ഡിസിസി പ്രസിഡന്റ് വി എസ് ജോയി വിഭാഗത്തിനും പി വി അന്‍വറിനും കടുത്ത അതൃപ്തിയുണ്ട്. പി വി അന്‍വര്‍ അതൃപ്തി പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിക്കാത്തതില്‍ വി എസ് ജോയി പക്ഷം കോണ്‍ഗ്രസ് നേതാക്കളെ കടുത്ത അമര്‍ഷം അറിയിച്ചിട്ടുണ്ട്. അതേസമയം, യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കട്ടെ അപ്പോള്‍ തീരുമാനം പറയാമെന്ന് പി വി അന്‍വര്‍ പറഞ്ഞു. യുഡിഎഫും പി വി അന്‍വറും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് നേതാക്കള്‍ പറഞ്ഞത്. ഞാന്‍ യുഡിഎഫിന് പുറത്താണ് എന്നല്ലേ ഇതിനര്‍ത്ഥം. പ്രതീക്ഷകള്‍ ഒന്നും വെച്ചു പുലര്‍ത്തുന്നില്ല. അതിന്റെ ആവശ്യമില്ല. എന്താണ് സംഭവിക്കുന്നത് എന്ന് നോക്കി മുന്നോട്ടു പോയാല്‍ മതിയല്ലോ. സ്ഥാനാര്‍ത്ഥിയെ യുഡിഎഫ് തീരുമാനിക്കട്ടെയെന്ന് പി വി അന്‍വര്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥി തീരുമാനം നീണ്ടുപോകുന്നതില്‍ തനിക്ക് ഒരു അതൃപ്തിയുമില്ല. അനുയായികള്‍ക്ക് ഇതില്‍ അതൃപ്തിയും വിഷമവും ഉണ്ടാകുന്നത് ഉറപ്പാണ്. യുഡിഎഫില്‍ താനിപ്പോള്‍ അസോസിയേറ്റഡ് മെമ്പര്‍ പോലുമല്ല. അസോസിയേറ്റഡ് മെമ്പര്‍ എന്നു പറഞ്ഞാല്‍ ബസിന്റെ സ്റ്റെപ്പില്‍ നില്‍ക്കുകയെന്നാണ്. ആ വാതില്‍ പോലും ഇപ്പോഴും തുറന്നിട്ടില്ലയെന്ന് അന്‍വര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ യുഡിഎഫിന്റെ നേതാക്കളുണ്ടല്ലോ, അവരെല്ലാം കൂടി തീരുമാനിച്ചോട്ടെയെന്നും അന്‍വര്‍ അഭിപ്രായപ്പെട്ടു.
ആരെയെങ്കിലും എംഎല്‍എ ആക്കാനല്ല താന്‍ രാജിവെച്ചത്. എട്ടൊമ്പതു മാസം കഴിഞ്ഞാല്‍ 140 മണ്ഡലം വേക്കന്റാണ്. സ്ഥാനമോഹികള്‍ക്ക് മത്സരിക്കണമെങ്കില്‍ ഇഷ്ടം പോലെ സ്ഥലവും സൗകര്യവുമുണ്ട്. മത്സരിക്കുക എന്നതിന് അപ്പുറം പിണറായിയെ തോല്‍പ്പിക്കുക എന്നതാണ് ദൗത്യം. പിണറായി ഇനിയും അധികാരത്തില്‍ വരുമെന്ന കള്ള പ്രചാരണം സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, അതല്ല വസ്തുത എന്ന് കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതു കൂടി ഉദ്ദേശിച്ചാണ് ഞാന്‍ രാജിവെച്ചത്. ആ ലക്ഷ്യത്തിലേക്കല്ലേ നീങ്ങേണ്ടത് ?. അതിനപ്പുറമുള്ള താല്‍പ്പര്യങ്ങളിലേക്കാണോ നീങ്ങേണ്ടത് ?. എന്തെങ്കിലും ഇക്വേഷന്‍സ് ബാലന്‍സ് ചെയ്യാനാണോ ശ്രമിക്കേണ്ടതെന്നും പി വി അന്‍വര്‍ ചോദിച്ചു.
നിലമ്പൂരില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയാണ് വേണ്ടത്. പത്തിരുപത് ശതമാനം ക്രിസ്ത്യാനികളുള്ള മണ്ഡലമാണിത്. പ്രിയങ്ക ഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഒരു ക്രിസ്ത്യന്‍ യുഡിഎഫ് എംഎല്‍എ പോലുമില്ല. പല തവണ അവര്‍ ഈ വിഷയം യുഡിഎഫില്‍ ഉന്നയിച്ചിട്ടുള്ളതാണ്. ആ നിലയ്ക്ക് അവര്‍ക്ക് പരിഗണന നല്‍കേണ്ടതുണ്ട്. ഡിസിസി പ്രസിഡന്റായ വി എസ് ജോയി തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്ന് തനിക്ക് നിര്‍ബന്ധമൊന്നുമില്ല. എന്നാല്‍ വനം-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഞാന്‍ മുന്നോട്ടുവെച്ച വിഷയം ഏറ്റവും നന്നായി ഏറ്റെടുത്ത് ചെയ്യാന്‍ യോഗ്യതയുള്ള സ്ഥാനാര്‍ത്ഥി വി എസ് ജോയ് ആണെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
നിലമ്പൂരില്‍ ജയിക്കുന്ന സ്ഥാനാര്‍ത്ഥിയെയാണ് നിര്‍ത്തേണ്ടത്. എല്ലാ വിഭാഗത്തിന്റേയും പിന്തുണ ലഭിക്കുന്ന നേതാവിനെ നിര്‍ത്തണം. ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയാണ് മണ്ഡലത്തിന് നല്ലത്. യുഡിഎഫിനെ സംബന്ധിച്ചും കേരളത്തെ സംബന്ധിച്ചും വളരെ നിര്‍ണായകമായ തെരഞ്ഞെടുപ്പാമിത്. പിണറായിയുടെ മുമ്പില്‍ ഒരു പരാജയത്തിന് തലവെച്ചു കൊടുക്കാന്‍ തനിക്ക് ആലോചിക്കാനാകില്ല. ആ നിലയ്ക്ക് ഇക്കാര്യത്തില്‍ ആലോചന നടക്കണം. തീരുമാനമെടുക്കാന്‍ കെല്‍പ്പുള്ള വലിയ നേതാക്കളാണ് യുഡിഎഫിനുള്ളത്. ആലോചിച്ചുള്ള വളരെ നല്ല തീരുമാനം യുഡിഎഫില്‍ നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു. ആര്യാടന് ഷൗക്കത്ത് സ്ഥാനാര്‍ത്ഥിയായാല്‍ പി വി അന്‍വറും മത്സരിക്കാന്‍ ഇറങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.